ദക്ഷിണാഫ്രിക്കയിൽ കാല് കുത്തിയത് മുതൽ ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മയ്ക്ക് തിരിച്ചടികളുടെ പെരുമഴയാണ്. നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ റൺസ് ഒഴുക്കിയ കോഹ്‌ലി ദക്ഷിണാഫ്രിക്കൻ മണ്ണിൽ പതറുന്ന കാഴ്ചയാണ് നാം കണ്ടത്. ഫോം കണ്ടെത്താൻ ഉഴലുന്ന രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ അമ്പേ പരാജയമായിരുന്നു. ഏകദിന പരമ്പരയിൽ രോഹിത് തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും സംഭവിച്ചില്ല.

രോഹിത് ശർമ്മയുടെ ഈ വീഴ്ചയ്ക്ക് പിന്നിൽ ഒരു ദക്ഷിണാഫ്രിക്കൻ താരമാണ് എന്നാണ് കണക്കുകൾ പറയുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ​ ഇതുവരെ 6 തവണയാണ് രോഹിത് ശർമ്മയുടെ വിക്കറ്റ് കഗീസോ റബാഡ വീഴ്ത്തിയത്. ടെസ്റ്റിൽ 3 ഉം ഏകദിനത്തിൽ 3 തവണയും രോഹിത് റബാഡയ്ക്ക് മുന്നിൽ കീഴടങ്ങി. ലെഗ് ബീഫോർ വിക്കറ്റിലൂടെയാണ് രോഹിത്ത് മൂന്ന് തവണ പുറത്തായതും.

ആദ്യ ടെസ്റ്റിൽ 11 റൺസ് എടുത്ത രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും രോഹിത്ത് ശർമ്മ റബാഡയ്ക്ക് മുന്നിലാണ് വീണത്. ആദ്യ ഇന്നിങ്സിൽ 10 റൺസ് എടുത്ത രോഹിത്തിനെ റബാഡ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 47 റൺസ് എടുത്ത ശർമ്മ റബാഡയുടെ പന്തിൽ ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലും പരാജയപ്പെട്ട രോഹിത് ശർമ്മയെ മൂന്നാം ടെസ്റ്റിനുളള ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ഏകദിന പരമ്പരയിൽ ടീമിന്റെ ഉപനായകനായ രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷയും ത്രിശങ്കുവിലായി. ആദ്യ ഏകദിനത്തിൽ 20 റൺസ് എടുത്ത രോഹിത് ശർമ്മയെ മോണി മോർക്കലാണ് പുറത്താക്കിയത്.

മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ വീണ്ടും റബാഡ വില്ലനായി. 15 റൺസ് എടുത്ത രോഹിത് ശർമ്മയെ റബാഡ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മോശം ഫൂട്ട് വർക്കാണ് ഇത്തവണയും രോഹിത്തിന് വിനയായത്. മൂന്നാം ഏകദിനത്തിൽ അക്കൗണ്ട് തുറക്കും മുൻപ് രോഹിത്തിനെ വിക്കറ്റ് കീപ്പർ ക്ലാസന്റെ കൈകളിൽ എത്തിച്ച് റബാഡ വീണ്ടും അന്തകനായി. നാലാം ഏകദിനത്തിൽ 5 റൺസ്​ എടുത്ത രോഹിത്തിനെ റിട്ടേൺ ക്യാച്ചിലൂടെയാണ് റബാഡ വീഴ്ത്തിയത്.

ദക്ഷിണാഫ്രിക്കൻ പിച്ചുകളിലെ രോഹിത് ശർമ്മയുടെ അലസമായ ഫൂട്ട്‌വർക്കാണ് റബാഡ മുതലാക്കിയത്. ബൗൺസറുകളിലൂടെ രോഹിത്തിനെ സമ്മർദ്ദത്തിലാക്കി പിന്നാലെ വിക്കറ്റ് ടു വിക്കറ്റ് പന്തുകൾ​ എറിഞ്ഞാണ് റബാഡ താരത്തെ കുരുക്കിയത്. രോഹിത് ശർമ്മയുടെ പതിയെ ഉളള തുടക്കവും എതിർ ബൗളർമാർക്ക് തുണയായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ