മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 141 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ ഉയർത്തിയ 393 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 251 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഏകദിന കരിയറിലെ തന്റെ മൂന്നാം ഇരട്ടസെഞ്ചുറി നേടിയ രോഹിത്ത് ശർമ്മയാണ് കളിയിലെ താരം. മൊഹാലിയിലെ ജയത്തോടെ പരമ്പര 1-1നിലയിൽ സമനിലയിലായി. 17 ന് വിശാഖപട്ടണത്താണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

നേരത്തെ രോഹിത്ത് ശർമ്മയുടെ തകർപ്പൻ ഇരട്ടസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 153 പന്തിൽ നിന്ന് 208 റൺസാണ് രോഹിത് നേടിയത്. 12 പടുകൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ക്ലാസിക്ക് ഇന്നിങ്സ്. നിർണ്ണായകമായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ടീമിനെ രോഹിത് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു. 115 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി പിന്നിട്ടത്. എന്നാൽ പിന്നീടുള്ള 108 റൺസ് കേവലം 35 പന്തിൽ നിന്നാണ് രോഹിത് അടിച്ചെടുത്തത്.ശിഖർ ധവാൻ 68 റൺസും ശ്രേയസ്സ് അയ്യർ 88 റൺസും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യയെ വെല്ലുവിളിക്കാൻ കഴിഞ്ഞില്ല. സെഞ്ചുറി നേടിയ ആഞ്ചലോ മാത്യൂസിന്റെ ഇന്നിങ്സാണ് ശ്രീലങ്കയുടെ പരാജയഭാരം കുറച്ചത്. 132 പന്തിൽ നിന്ന് 111 റൺസാണ് മാത്യൂസ് നേടിയത്. ഇന്ത്യക്കായി ചാഹൽ 3 വിക്കറ്റും ജസ്പ്രീത് ബൂംറ 2 വിക്കറ്റും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ