ഏകദിന ക്രിക്കറ്റിൽ മൂന്നാം ഡബിൾ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെ ആദരിക്കണെന്ന് ആരാധകർ. 200 രൂപ നോട്ടിൽ രോഹിത് ശർമ്മയുടെ ചിത്രം ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ഹിറ്റ്മാൻ ഫാൻസ് ഗ്രൂപ്പാണ് അപൂർവ്വ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡ് രോഹിത് ശർമ്മയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് രോഹിത് തന്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി സ്വന്തമാക്കിയത്.

51 പന്തിൽ നിന്ന് 201റൺസാണ് രോഹിത്ത് നേടിയത്. നിർണ്ണായകമായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ നായകൻ ടീമിനെ രോഹിത് മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ശിഖർ ധവാനുമൊത്ത് 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് കരുതലോടെയാണ് തുടങ്ങിയത്. രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു. 115 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി പിന്നിട്ടത്. എന്നാൽ പിന്നീടുള്ള 108 റൺസ് കേവലം 35 പന്തിൽ നിന്നാണ് രോഹിത് അടിച്ചെടുത്തത്. 12 പടുകൂറ്റൻ സിക്സറുകളും 13 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ക്ലാസിക്ക് ഇന്നിങ്സ്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തകർത്ത സുരങ്ക ലക്മലിന്റെ ഒരു ഓവറിൽ 4 സിക്സറുകളും രോഹിത് പറത്തി. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ സ്വന്തമാക്കുന്ന ആദ്യ സെഞ്ചുറിയുമാണ് മൊഹാലിയിലേത്. 44-ാം ഓവറിലായിരുന്നു രോഹിത് ശർമ്മ സുരങ്ക ലക്മലിനെ അടിച്ച് പറത്തിയത്. ആദ്യ രണ്ട് സിക്സറുകളും മിഡ് ഓണിലൂടെ പോയപ്പോൾ. അടുത്ത രണ്ട് സിക്സറുകളും ലെഗ്സൈഡിലേക്കായിരുന്നു.

തിസര പെരേര എറിഞ്ഞ അവസാന ഓവറിലാണ് രോഹിത് ശർമ്മ ഇരട്ടസെഞ്ചുറി നേടിയത്. ലെഗ്സൈഡിലേക്ക് പന്ത് പായിച്ച രോഹിത് 2 റൺസ് ഓടിയെടുക്കുകയായിരുന്നു. രോഹിത്ശർമ്മ ചരിത്രനേട്ടം സ്വന്തമാക്കുന്നതിന് നേർ സാക്ഷിയായി ഭാര്യ റിതിക ഗാലറിയിൽ ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ