ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയ്ക്കുണ്ടായ സന്തോഷം ചില്ലറയൊന്നുമല്ല. ഭർത്താവിന്റെ കളി കാണാൻ അനുഷ്ക എത്തിയാൽ ആ മൽസരം തോൽക്കുമെന്ന് പൊതുവേ സോഷ്യൽ മീഡിയ കളിയാക്കാറുണ്ട്. ആ കളിയാക്കലുകൾക്കുളള മറുപടിയായിരുന്നു ബാംഗ്ലൂരിന്റെ തകർപ്പൻ ജയം.

അനുഷ്കയുടെ പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. പിറന്നാൾദിനത്തിൽ ടീമിന്റെ വിജയത്തിലൂടെ ഭാര്യയെ സന്തോഷിപ്പിക്കണമെന്ന് കോഹ്‌ലിയും കരുതിയിരുന്നു. എന്തായാലും ഗ്യാലറിയിൽ അനുഷ്ക എത്തിയത് വെറുതെയായില്ല. പിറന്നാൾദിനത്തിൽ അനുഷ്കയുടെ മുഖം വാടാതെ കോഹ്‌ലി കാത്തു.

ബാംഗ്ലൂരിന്റെ ഓരോ മികച്ച പ്രകടനത്തിനും അനുഷ്ക അകമഴിഞ്ഞ പിന്തുണ നൽകുന്നുണ്ടായിരുന്നു. മുംബൈയുടെ വിക്കറ്റ് വീഴുമ്പോഴും കോഹ്‌ലിയുടെ ഫീൽഡിങ്ങിലും അനുഷ്ക കൈയ്യടിച്ചു. കളി മുംബൈയ്ക്ക് അനുകൂലമായി മാറ്റിയ ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് വിരാട് പിടിച്ചത് അനുഷ്കയുടെ സന്തോഷം ഇരട്ടിപ്പിച്ചു.

അനുഷ്കയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞപ്പോൾ മറുവശത്ത് രോഹിത്തിന്റെ ഭാര്യ റിതികയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നു. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായ തന്റെ ഭർത്താവ് രോഹിത് ഡക്ക് ആയപ്പോൾ റിതികയ്ക്ക് അത് താങ്ങാനായില്ല. ഗ്യാലറിയിൽ റിതിക മനംനൊന്തിരുന്നു. ഈ സമയം അനുഷ്കയാവട്ടെ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു.

14 റണ്‍സിനായിരുന്നു വിരാട് കോഹ്‌ലിയും സംഘവും രോഹിത്തിന്റെ മുംബൈയെ തകര്‍ത്തത്. ബെംഗളൂരു ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 153 ല്‍ കളിയവസാനിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ