മുംബൈ: സംഭവ ബഹുലമായ ഒരു കലണ്ടർവർഷത്തിന് അവസാനമായതോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേളയെടുക്കാനൊരുങ്ങി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയ്ക്കായി തിളങ്ങിയ രോഹിത് അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നേക്കും. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഉപനായകൻ കൂടിയായ രോഹിത് 2019ൽ ടെസ്റ്റ് ക്രിക്കറ്റിലും മിന്നും പ്രകടനം പുറത്തെടുത്തിരുന്നു.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത് ജനുവരി അഞ്ചിനാണ്. മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളടങ്ങുന്നതാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം. ടി20-ഏകദിന പരമ്പരകളിൽ നിന്ന് വിട്ടുനിൽക്കാനാണ് രോഹിത് ശർമ ഒരുങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം മടങ്ങിയെത്തും. വിശ്രമം വേണമെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായാണ് വിവരം.
ഡിസംബർ 26ന് ശ്രീലങ്കയ്ക്കെതിരായ മത്സങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രോഹിത് ഇടവേളയെടുക്കുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി ഇന്ത്യൻ ടീമിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
രാജ്യാന്തര ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതി ചേർത്താണ് രോഹിത് ശർമ 2019 അവസാനിപ്പിക്കുന്നത്. കലണ്ടർ വർഷത്തിലെ തന്റെ അവസാന ഏകദിന മത്സരത്തിലും രോഹിത് അത്തരത്തിൽ ഒരു റെക്കോർഡ് തിരുത്തി. അതും 22 വർഷം പഴക്കമുള്ള റെക്കോർഡ്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നടുന്ന ഓപ്പണറായാണ് രോഹിത് കട്ടക്കിൽ മാറിയത്. ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിലായിരുന്ന റെക്കോർഡാണ് രോഹിത് തന്റെ പേരിൽ തിരുത്തിയെഴുതിയത്.