വിശാഖപട്ടണം: ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചതിനു പിന്നാലെ രണ്ട് പേര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ടീം നായകന്‍ വിരാട് കോഹ്‌ലി എന്നിവര്‍ക്കാണ് രോഹിത് നന്ദി പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ വിജയിച്ചതിനു പിന്നാലെയാണ് രോഹിത്തിന്റെ നന്ദി പ്രകടനം. ശാസ്ത്രിക്കും കോഹ്‌ലിക്കും നന്ദി രേഖപ്പെടുത്തുന്നതായി രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

“എനിക്ക് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം നല്‍കിയതില്‍ പരിശീലകനും ക്യാപ്റ്റനും നന്ദി പറയുന്നു. വലിയ അവസരമാണ് എനിക്ക് ലഭിച്ചത്. ഇതിനു മുന്‍പ് ഒരിക്കല്‍ പോലും ടെസ്റ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും എന്നെ വിശ്വാസത്തിലെടുത്തതിന് എന്നും നന്ദിയുള്ളവനായിരിക്കും.” രോഹിത് ശര്‍മ പറഞ്ഞു.

Read Also: ഹീറോയായി ഷമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസം തനിക്ക് മുന്‍പും ഉണ്ടായിരുന്നു. അതിനാല്‍, ഇപ്പോള്‍ ലഭിച്ച അവസരം ഒരു സര്‍പ്രൈസ് ആണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും രോഹിത് പറഞ്ഞു. ആക്രമണോത്സുകതയ്‌ക്കൊപ്പം ജാഗ്രത പുലര്‍ത്തി ബാറ്റ് വീശുകയാണ് തന്റെ വിജയമന്ത്രമെന്നും രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെ‌തിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് രോഹിത് ശർമ നടത്തിയത്. രണ്ട് ഇന്നിങ്സിലും രോഹിത് ഇന്ത്യയ്ക്കായി സെഞ്ചുറി നേടി. ആദ്യ ഇന്നിങ്സിൽ രോഹിത് 176 റൺസ് നേടിയ രോഹിത് രണ്ടാം ഇന്നിങ്സിൽ 127 റൺസ് സ്വന്തമാക്കി.

രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ ചില നേട്ടങ്ങളും സ്വന്തമാക്കി. കഴിഞ്ഞ 41 വര്‍ഷത്തിനിടെ വിശാഖപട്ടണത്ത് ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കി. ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ആദ്യ താരമാണ് രോഹിത് ശര്‍മ.

13 സിക്‌സറുകളാണ് രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി രോഹിത് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ആറ് സിക്‌സുകളും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് സിക്‌സുകളുമാണ് രോഹിത് ശര്‍മയുടെ നേട്ടം. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി രോഹിത് ശര്‍മയ്ക്ക് സ്വന്തം. നേരത്തെ ഏകദിനത്തിലും ട്വന്റി-20 യിലും രോഹിത് ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

Read Also: അതിവേഗം ബഹുദൂരം; ഒരുപിടി നേട്ടങ്ങളുമായി ‘ഓപ്പണര്‍’ രോഹിത്

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. വിശാഖപട്ടണത്ത് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി 303 റണ്‍സ് നേടിയ രോഹിത് ശര്‍മ ശ്രീലങ്കയുടെ മുന്‍ താരം തിലകരത്‌നെ ദില്‍ഷന്റെ റെക്കോര്‍ഡാണ് മറികടന്നത്.

ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമനാണ് രോഹിത്. വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്.

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ രോഹിത് ശര്‍മ രണ്ട് ഇന്നിങ്‌സുകളില്‍ പുറത്തായതിനും കൗതകമുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് രണ്ട് ഇന്നിങ്‌സുകളിലും രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. രണ്ടും സ്റ്റംപിങ്ങിലൂടെയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook