കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശർമ്മയെ ടെസ്റ്റ് ഫോർമാറ്റിലും മുഴുവൻ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റതിനെത്തുടർന്ന് വിരാട് കോഹ്ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രോഹിത്തിന്റെ നിയമനം.
മാർച്ച് ഒന്നിന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ഹോം ടെസ്റ്റ് പരമ്പരയാവും രോഹിത് മുഴുവൻ സമയ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ പരമ്പര.
ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ശ്രീലങ്കയ്ക്കെതിരായ ടി20 ഐ, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ ശനിയാഴ്ച വൈകുന്നേരം പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ജസ്പ്രീത് ബുംറയെ ടി20, ടെസ്റ്റ് വൈസ് ക്യാപ്റ്റനായി നിയമിച്ചു. അതേസമയം ചേതേശ്വര് പൂജാരയെയും അജിങ്ക്യ രഹാനെയെയും ടെസ്റ്റ് ടീമില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read: കോഹ്ലിക്കും പന്തിനും വിശ്രമം; നാളത്തെ മത്സരവും ശ്രീലങ്കക്കെതിരായ ടി20 മത്സരങ്ങളും കളിക്കില്ല
“തീരുമാനത്തിലെത്തുന്നതിന് മുമ്പ് ഞങ്ങൾ ദീർഘനേരം ആലോചിച്ചു. ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ ഭാഗമാകില്ലെന്ന് ഞങ്ങൾ അവരോട് നേരത്തെ സംസാരിച്ചിരുന്നു. അവർക്കായി വാതിലുകൾ പൂർണ്ണമായും തുറന്നിരിക്കുന്നു. ഇത് ഈ രണ്ട് ടെസ്റ്റുകൾക്ക് മാത്രമുള്ളതാണ്, ”സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മ ഒരു വെർച്വൽ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“അവർ ദീർഘകാലം രാജ്യത്തെ സേവിച്ചു, അതിനാൽ അവർക്ക് എല്ലായ്പ്പോഴും മടങ്ങിവരാം, എന്തുകൊണ്ട്? ഇത് ഒരു ഗ്രാഫ് പോലെയാണ്. .. രഹാനെ ഇന്നലെ സെഞ്ച്വറി അടിച്ചു. ഇത് മാനേജ് ചെയ്യാനുള്ള ഒരു പ്രക്രിയയാണ്… തിരിച്ചു വന്നാൽ ആർക്കാണ് സന്തോഷമുണ്ടാകാത്തത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“നിലവിൽ, അവരെ രണ്ട് ടെസ്റ്റുകൾക്ക് പരിഗണിക്കില്ലെന്ന് ഞങ്ങൾ അവരോട് പറഞ്ഞിട്ടുണ്ട്. അതിനിടയിൽ, പകരം വയ്ക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ആരുടെയും വാതിലുകൾ അടയ്ക്കാൻ ഞങ്ങൾ ആരുമല്ല. ഇതാണ് ക്രിക്കറ്റ്. പ്രകടനമാണ് പ്രധാനം. ഇപ്പോൾ അവർ രഞ്ജി ട്രോഫി കളിക്കുന്നത് സെലക്ടർമാർ നിരീക്ഷിക്കും. വളരെ മുമ്പുതന്നെ ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു,” ശർമ്മ കൂട്ടിച്ചേർത്തു.