ഐപിഎല്ലിലെ അഞ്ചാം കിരീടനേട്ടം, തുടർച്ചയായി രണ്ടാം തവണ ചാംപ്യൻമാർ, ഫൈനലിൽ അർധ സെഞ്ചുറി.., മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്‌ക്ക് സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ, ഈ സന്തോഷങ്ങൾക്കിടയിലും രോഹിത് വലിയൊരു വേദനയിലാണ്. ഡൽഹിക്കെതിരായ ഫൈനൽ മത്സരത്തിൽ തനിക്കു സംഭവിച്ച അശ്രദ്ധയാണ് രോഹിത്തിനെ വല്ലാതെ അലട്ടുന്നത്. മത്സരശേഷം രോഹിത് അത് തുറന്നുപറയുകയും ചെയ്‌തു.
തനിക്കൊപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന സൂര്യകുമാർ യാദവ് ഔട്ടായത് രോഹിത്തിനെ ഏറെ വേദനിപ്പിച്ചു. സൂര്യകുമാർ റൺഔട്ട് ആകുകയായിരുന്നു. രോഹിത് ശർമയുടെ അശ്രദ്ധയാണ് അതിനുകാരണം. അഞ്ചാം ഓവറിൽ ക്രീസിലെത്തിയ സൂര്യകുമാർ ആദ്യ രണ്ട് പന്തുകളിൽ ഒരു സിക്‌സും ഒരു ഫോറും നേടി മികച്ച തുടക്കമാണ് നൽകിയത്. അങ്ങനെയെരിക്കെ മത്സരം 11-ാം ഓവറിലെത്തിയപ്പോഴാണ് സൂര്യകുമാറിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നത്.
അശ്വിനെറിഞ്ഞ 11-ാം ഓവറിലെ അഞ്ചാം പന്തിൽ രോഹിത് മിഡ് ഓഫിലേക്ക് ഒരു ഷോട്ടുതിർത്തു. പ്രവീൺ ദുബെയുടെ കൈയ്യിൽ പന്ത് എത്തുന്ന കണ്ട സൂര്യകുമാർ ഓടരുതെന്ന് അലമുറയിട്ടെങ്കിലും രോഹിത് ശ്രദ്ധിച്ചില്ല. പലതവണ ‘ഓടരുത്’ എന്ന് നായകൻ രോഹിത് ശർമയ്‌ക്ക് സൂര്യകുമാർ നിർദേശം നൽകുന്നുണ്ടായിരുന്നു. എന്നാൽ, രോഹിത് ഓടുകയായിരുന്നു. രോഹിത് നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് ഓടിയെത്തി. അപ്പോഴും സൂര്യകുമാർ ക്രീസിൽ തന്നെയായിരുന്നു.

ക്രീസിൽ നിന്ന് പുറത്തിറങ്ങാതെ നിന്നിരുന്നെങ്കിൽ രോഹിത് ശർമ ഔട്ട് ആകുമായിരുന്നു. എന്നാൽ, തന്റെ നായകനുവേണ്ടി സൂര്യകുമാർ വിക്കറ്റ് വലിച്ചെറിഞ്ഞു. നോൺ സ്‌ട്രൈക്കേഴ്സ് എൻഡിൽ നിന്ന് സൂര്യകുമാർ പുറത്തുകടക്കുകയായിരുന്നു. ഇതോടെ സൂര്യകുമാറിനു വിക്കറ്റും നഷ്ടമായി. ഇതിനുശേഷം നിരാശയോടെ തലയിൽ കൈ വച്ചിരിക്കുന്ന രോഹിത്തിനെ കാണാമായിരുന്നു. തന്റെ അശ്രദ്ധ കാരണം സൂര്യകുമാർ പുറത്താകേണ്ടിവന്നത് മുംബൈ നായകനെ ഏറെ അസ്വസ്ഥമാക്കി.
ഇതേ കുറിച്ച് രോഹിത് ശർമ മത്സരശേഷം പ്രതികരിച്ചതിങ്ങനെ; “സൂര്യകുമാറിന് വേണ്ടി ഞാൻ പുറത്താകേണ്ടതായിരുന്നു. മികച്ച ഫോമിലുള്ള അവനെ അവിടെ വേണമായിരുന്നു.”
എന്നാൽ, രോഹിത് വളരെ മികച്ച രീതിയിൽ കളിക്കുകയായിരുന്നു എന്നും അതുകൊണ്ടാണ് താൻ സ്വയം വിക്കറ്റ് നഷ്‌ടപ്പെടുത്തിയതെന്നും സൂര്യകുമാർ യാദവും പറഞ്ഞു.
20 പന്തിൽ ഒരു സിക്‌സും ഒരു ഫോറും അടക്കം 19 റൺസ് നേടിയ സൂര്യകുമാറിന്റെ പ്രവൃത്തി ക്രിക്കറ്റ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും താരത്തിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. കലാശപോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് മുംബൈ വീണ്ടും ചാംപ്യന്മാരായിരിക്കുന്നത്. ഡൽഹി ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കി നിൽക്കെ മുംബൈ മറികടക്കുകയായിരുന്നു. 51 പന്തിൽ 68 റൺസെടുത്താണ് രോഹിത് പുറത്തായത്.