മുംബൈ: പഞ്ചാബിനെതിരായ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി രോഹിത് ശര്‍മ്മയുടെ പരുക്ക്. ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ രോഹിത്തിന് പരുക്കേറ്റതായ റിപ്പോര്‍ട്ട് ഇന്ത്യന്‍ ടീമിനേയും ഉലയ്ക്കുന്നതാണ്. കിങ്‌സ് ഇലവനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിടെ താരത്തിന് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരുക്കേറ്റ രോഹിത് വേദനമൂലം തലയ്ക്ക് കൈ വച്ചു കൊണ്ട് നിലത്ത് വീണു കിടക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ന്ന് ടീം ഫിസിയോ താരത്തിന് അരികിലെത്തി ചികിത്സിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് താരം സ്വയം തന്നെ ഡ്രസ്സിങ് റൂമിലേക്ക് നടന്നു പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പരുക്ക് സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി പ്രതികരണമൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രോഹിത് തന്നെയായിരുന്നു മുംബൈയെ നയിച്ചത്. 118 റണ്‍സും എടുത്തിട്ടുണ്ട്. രോഹിത് ഇന്ന് ഇറങ്ങുന്നത് തന്നെ ഇതോടെ ആശങ്കയിലായിരിക്കുകയാണ്. നേരത്തെ പേസര്‍ ജസ്പ്രീത് ബുംറയ്ക്കും പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമല്ലായിരുന്നതാല്‍ താരം മടങ്ങി വന്നു.

ലോകകപ്പിനായുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുക ഏപ്രില്‍ 15 നാണ്. രോഹിത്തിന്റെ പരുക്ക് ഗുരുതരമാണെങ്കില്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരിക്കും. ശിഖര്‍ ധവാനൊപ്പം രോഹിത്തിന് പകരം മറ്റാരെയിറക്കും എന്നത് ഇന്ത്യയെ സംബന്ധിച്ച് വന്‍ വെല്ലുവിളി തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook