പോർട്ട്എലിസമ്പത്ത്: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇതുവരെയുളള മോശം പ്രകടനങ്ങൾക്ക് പാപ പരിഹാരം ചെയ്ത് രോഹിത് ശർമ്മ. നിർണ്ണായകമായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയാണ് രോഹിത് ശർമ്മ തന്റെ കലിപ്പടക്കിയത്. 106 പന്തിൽ നിന്നാണ് ഇന്ത്യയുടെ ഹിറ്റ്മാൻ സെഞ്ചുറി പിന്നിട്ടത്. ഏകദിന കരിയറിലെ തന്റെ പതിനേഴാം സെഞ്ചുറിയാണ് രോഹിത് ശർമ്മ ഇന്ന് സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇതുവരെ തന്നെ ആറ് തവണ പുറത്താക്കിയ കഗീസോ റബാഡയെ സിക്സറിന് പറത്തിയാണ് രോഹിത് ശർമ്മ പോർട്ട്എലിസമ്പത്തിൽ തുടക്കം കുറിച്ചത്. ആക്രമണ ശൈലി തുടർന്ന രോഹിത് ഡുമിനിയേയും മോർക്കലിനേയും അടിച്ച് പരത്തി. 51 പന്തിൽ നിന്നാണ് രോഹിത് തന്റെ അർധശതകം പിന്നിട്ടത്.
രണ്ടാം വിക്കറ്റിൽ നായകൻ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് 105 റൺസിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി. 4 പട്കൂറ്റൻ സിക്സറുകളും 10 ഫോറുകളുടെയും അകമ്പടിയോടെയാണ് ഹിറ്റ്മാൻ തന്റെ സെഞ്ചുറി പൂർത്തയാക്കിയത്.

96 റൺസിൽ നിൽക്കെ രോഹിതിന്റെ ക്യാച്ച് ഷംസി കൈവിട്ടത് താരത്തിന് തുണയായി. റബാഡയുടെ പന്ത് തേഡ്മാനിലേക്ക് സ്കൂപ്പ് ചെയ്ത രോഹിതിന്റെ ശ്രമം ഷംസിയുടെ കൈകളിലേക്കാണ് പോയത്. എന്നാൽ അനായാസമായ ക്യാച്ച് കൈവിട്ട് ഷംസി രോഹിതിന് ജീവൻ നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ