ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകർത്ത് ഹിറ്റ്‌മാൻ രോഹിത് ശർമയുടെ സിക്‌സ്. മുംബെെ ഇന്ത്യൻസിന്റെ പരിശീലനത്തിനിടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനൽചില്ലിലേക്ക് രോഹിത്തിന്റെ കൂറ്റൻ സിക്‌സർ എത്തിയത്. ഇതിന്റെ വീഡിയോ മുംബെെ ഇന്ത്യൻസ് തന്നെ ട്വീറ്റ് ചെയ്‌തു. 95 മീറ്റർ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചെത്തിച്ചത്. രോഹിത് ബാറ്റ് ചെയ്യുന്ന സമയത്ത് മെെതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ആ ബസിന്റെ ജനൽ ചില്ലില്ലാണ് പന്ത് തട്ടിയത്. പന്ത് ബസിൽ കൊണ്ട ശേഷം സിക്‌സർ ആഘോഷിക്കുന്ന ഹിറ്റ്മാനെയും വീഡിയോയിൽ കാണാം.

സെപ്‌റ്റംബർ ഒൻപതിനാണ് ഇത്തവണ ഐപിഎൽ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്.

ഒക്ടോബർ- നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടത്താൻ വഴിതുറന്നത്. സാധാരണ ഏപ്രിൽ- മേയ് മാസങ്ങളിൽ നടത്തുന്ന ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവന്നിരുന്നെങ്കിൽ ബോർഡിന് 4000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമായിരുന്നു. ബിസിസിഐ അധ്യക്ഷൻ ഗാംഗുലി അടക്കമുള്ളവർ ഇപ്പോൾ യുഎഇയിലെത്തിയിട്ടുണ്ട്.

Read Also: ഇന്ത്യ കണ്ട മികച്ച ക്യാപ്‌റ്റൻ കോഹ്‌ലിയല്ല; ഇഷ്‌ട നായകനെ വെളിപ്പെടുത്തി രോഹിത് ശർമ

കളിക്കാർ ഉൾപ്പെടെ ഏതാനുംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഐപിഎൽ നടത്തുന്നത്. കോവിഡ് മഹാമാരി ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തിയത് ചെന്നൈ ടീമിനാണ്. രണ്ട് കളിക്കാർ ഉൾപ്പെടെ 13 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റെെനിൽ കഴിയുന്നത്. ലീഗ് ആരംഭിക്കുമ്പോൾ ആരാധകരെ സ്റ്റേഡിയങ്ങൾക്കുള്ളിൽ കയറാൻ അനുവദിക്കില്ല. എന്നാൽ ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ചില കാണികൾക്ക് അനുമതി ലഭിച്ചേക്കാം. ദുബായ്, ഷാർജ, അബുദാബി എന്നീ മൂന്ന് വേദികളിലാണ് മത്സരം നടക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook