ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരത്തിന് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരുന്നതെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിതിന്റെ പകരക്കാരനായി പ്രിയങ്ക് പഞ്ചാലായിരിക്കും എത്തുക എന്നാണ് ലഭിക്കുന്ന വിവരം. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ പരിശീലനത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ താരം കളിക്കുമൊ എന്ന് വ്യക്തമായിട്ടില്ല. പ്രസ്തുത പരമ്പരയിലാണ് രോഹിതിന് നായകനായി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നത് സംബന്ധിച്ചായിരിക്കും തീരുമാനം.
ജോലിഭാരം അധികമായിരുന്നതിനാല്‍ രോഹിതിന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു. ഡിസംബര്‍ 26 നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് തുടക്കം. 16 ന് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. രോഹിതിന്റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയായിരിക്കും ഉപനായക സ്ഥാനത്ത് എത്തുക.