/indian-express-malayalam/media/media_files/uploads/2020/09/Rohit-Dhoni-CSK-MI-IPL.jpg)
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ഇനിയുടെ ഐപിഎൽ മത്സരങ്ങളിൽ നിന്ന് പുറത്തായതായി റിപ്പോർട്ട്. പരുക്ക് മൂലമാണ് ഐപിഎൽ 13-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ പിന്മാറിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരുക്കിനെ തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രോഹിത് കളിച്ചില്ല..
കഴിഞ്ഞ ഞായറാഴ്‌ച പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത്തിന് പരുക്കേറ്റത്. തുടയുടെ പിൻഭാഗത്തുള്ള മാംശപേശികളിൽ ശക്തമായ വേദനയും നീരുമുണ്ട്. ഏറെ നാളത്തെ വിശ്രമത്തിനുശേഷമേ രോഹിത്തിന് ഇനി ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ സാധിക്കൂ. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മുംബൈ ഇന്ത്യൻസിന് ഈ വാർത്ത ഏറെ നിരാശയുണ്ടാക്കുന്നു.
Read Also: മാസ് ഡാ…,ബോസ് ഡാ…,അഴിഞ്ഞാടി ഗെയ്‌ൽ, കൊൽക്കത്ത അടപടലം
എന്നാൽ മുംബെെ ഇന്ത്യൻസോ രോഹിത് ശർമ നേരിട്ടോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനു പിന്നാലെയാണ് രോഹിത് ശർമ ഐപിഎല്ലിൽ നിന്ന് പിന്മാറിയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്നത്. രോഹിത്തിന്റെ പരുക്ക് ഗുരുതരമാണെന്നും നിരന്തരം ആരോഗ്യവിദഗ്‌ധരുടെ നിരീക്ഷണത്തിലാണെന്നുമാണ് സൂചന.
രോഹിത് ശർമയ്‌ക്ക് ഓസീസ് പര്യടനത്തിലെ എല്ലാ കളികളും നഷ്ടമാകാനാണ് സാധ്യത. അതേസമയം, പരുക്കിൽ നിന്ന് മുക്തനായി പൂർണ കായികക്ഷമത വീണ്ടെടുത്താൽ രോഹിത്തിനെ ഓസ്‌ട്രേലിയയിലേക്ക് വിളിക്കാനും സാധ്യതയുണ്ട്. രോഹിത് പരുക്കിനെ തുടർന്ന് പിന്മാറിയതോടെ തുടർന്നുള്ള മത്സരങ്ങളിൽ മുംബെെ ഇന്ത്യൻസിനെ നയിക്കുക കിറോൺ പൊള്ളാർഡ് ആയിരിക്കും. രോഹിത് ഇല്ലാതിരുന്ന കഴിഞ്ഞ രണ്ട് കളികളിലും മുംബെെയെ നയിച്ചത് പൊള്ളാർഡാണ്.
അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിലിടം പിടിച്ചപ്പോൾ യുവ പേസർ നവ്ദീപ് സൈനി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ കുപ്പായമണിയും. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെ കെ.എൽ രാഹുലായിരിക്കും നിശ്ചിത ഓവർ മത്സരങ്ങളിൽ ഉപനായകൻ. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.