ഓസ്ട്രേലിയക്കെതിരായ സിഡ്നിയിലെ തകർപ്പൻ ബാറ്റിങ്ങിന്റെ പിന്തുടർച്ചയായിരുന്നു അഡ്ലെയ്ഡിലും രോഹിത് നടത്തിയത്. 52 പന്തിൽ നിന്നും 43 റൺസ് നേടിയ രോഹിത് തന്നെയാണ് ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത്. രണ്ട് സിക്സും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ അർധ സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചു.
സിക്സുകളുടെ എണ്ണത്തിലാണ് രോഹിത് പുതിയ റെക്കോർഡ് എഴുതിയത്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി രോഹിത് മാറി. ഓസ്ട്രേലിയക്കെതിരെ മാത്രം 89 സിക്സറുകളാണ് രോഹിത് ഇതുവരെ പറത്തിയത്. വിൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് രോഹിത് തിരുത്തിയെഴുതിയത്. ഇംഗ്ലണ്ടിനെതിരെ 88 തവണയാണ് ഗെയിൽ ബൗണ്ടറിക്ക് മുകളിലൂടെ പന്ത് പായിച്ചത്.
സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ആറ് സിക്സറുകൾ പായിച്ച രോഹിത് രണ്ടാം മത്സരത്തിലും രണ്ട് സിക്സറുകൾ പറത്തിയാണ് ചരിത്രം തിരുത്തിയത്. രാജ്യാന്തര ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് രോഹിത്. 210 സിക്സറുകളാണ് രോഹിത് കരിയറിൽ സ്വന്തമാക്കിയത്.
എം.എസ്.ധോണിയുടെ മികവിലാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്ത് സിക്സ് അടിച്ചാണ് ധോണി ഇന്ത്യയെ ഒപ്പമെത്തിച്ചത്. പിന്നാലെ രണ്ടാം പന്തില്‍ സിംഗിള്‍ നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. തന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.