ഏകദിനത്തിൽ ഇരട്ട സെഞ്ചുറികൾ നേടുകയെന്നത് രോഹിത് ശർമയ്ക്ക് ബുദ്ധിമുട്ടുളള ഒന്നല്ല. 2013 ൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലാണ് രോഹിത് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. എന്നാൽ ഏകദിനത്തിൽ മൂന്നു ഡബിൾ സെഞ്ചുറി നേടിയ ഒരേയൊരു ക്രിക്കറ്റ് താരമാണ് രോഹിത്.

2017 ൽ മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ് രോഹിത് മൂന്നാമത്തെ ഡബിൾ സെഞ്ചുറി തികച്ചത്. 153 ബോളിൽനിന്നുമാണ് രോഹിത് 208 റൺസ് നേടിയത്. രോഹിത്തിന്റെ റെക്കോർഡ് നേട്ടത്തിന് സാക്ഷിയായി പവലിയനിൽ ഭാര്യ റിത്വികയുമുണ്ടായിരുന്നു. രോഹിത് സെഞ്ചുറി പൂർത്തിയാക്കിയതുകണ്ട് കരയുന്ന റിത്വികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിന്റെ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത്. ബിസിസിഐ ടിവിക്കു വേണ്ടി മായങ്ക് അഗർവാളുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ഇതിനെക്കുറിച്ച് പറഞ്ഞത്.

Read Also: ടെസ്റ്റിൽ കോഹ്‌ലിയേക്കാൾ കേമൻ സ്‌മിത്ത്; എല്ലാ ഫോർമാറ്റിലും മികവ് ഇന്ത്യൻ നായകനെന്ന് വസീം ജഫർ

”നീ എന്തിനാണ് കരഞ്ഞതെന്ന് ഞാൻ അവളോട് ചോദിച്ചു. 196 റൺസെടുത്ത് നിൽക്കെ ഞാൻ ക്രീസിലേക്ക് ഡൈവ് ചെയ്ത് വീണിരുന്നു. എന്റെ കൈ ഒടിഞ്ഞു കാണുമെന്ന് അവൾ കരുതി. അവളെ സംബന്ധിച്ചിടത്തോളം അത് വളരെയധികം വിഷമിപ്പിക്കുന്നതാണ്. അതിനാലായിരിക്കാം അവൾ കരഞ്ഞതെന്നാണ് ഞാൻ കരുതുന്നത്,” രോഹിത് പറഞ്ഞു.

വിവാഹ വാർഷിക ദിനത്തിലാണ് രോഹിത് മൂന്നാം ഇരട്ട സെഞ്ചുറി നേടിയതെന്നത് ശ്രദ്ധേയമാണ്. സെഞ്ചുറി നേടിയശേഷം വിവാഹ മോതിരത്തിൽ ഉമ്മ വച്ചാണ് രോഹിത് നേട്ടം ആഘോഷിച്ചത്. വിവാഹ വാർഷിക ദിനത്തിൽ തന്റെ ഭാര്യയ്ക്ക് നൽകാൻ കഴിഞ്ഞ മികച്ച സമ്മാനമാണ് സെഞ്ചുറി നേട്ടമെന്നായിരുന്നു രോഹിത് മത്സരശേഷം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook