കൊളംബോ: മുതിര്‍ന്ന താരങ്ങളില്‍ പലരും നാട്ടിലാണെങ്കിലും നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയായിരുന്നു ഫേവറേറ്റസ്. എന്നാല്‍ ആദ്യ മൽസരത്തില്‍ തന്നെ ഇന്ത്യയെ മലര്‍ത്തിയടിച്ച് ശ്രീലങ്ക കരുത്ത് തെളിയിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയെ ലങ്ക തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക അനായാസം പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം, നായകന്‍ രോഹിത് ശര്‍മ്മയുടേയും സുരേഷ് റെയ്‌നയുടേയും വിക്കറ്റുകള്‍ നേരത്തെ നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

ഇന്ത്യയുടെ ബോളിങ് നിരയെ വളരെ അനായാസമായിട്ടായിരുന്നു ലങ്കന്‍ താരങ്ങള്‍ നേരിട്ടത്. കുസാല്‍ പെരേരയായിരുന്നു ലങ്കന്‍ ആക്രമണത്തിന്റെ നെടുംതൂണ്‍. ശര്‍ദുള്‍ ഠാക്കൂറിന്റെ 3.3 ഓവറില്‍ ലങ്ക നേടിയത് 42 റണ്‍സായിരുന്നു. സ്‌പെഷ്യലിസ്റ്റായ ജയ്‌ദേവ് ഉനദ്കട്ട് മൂന്ന് ഓവറില്‍ 35 റണ്‍സും വഴങ്ങി.

അപ്രതീക്ഷിത തോല്‍വിയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ.

‘അതൊരു മോശം സ്‌കോറായിരുന്നു. പ്രതിരോധിക്കാന്‍ പറ്റുന്നതായിരുന്നുവെങ്കിലും. അവസാന ഓവറുകളില്‍ കുറച്ചു കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാമായിരുന്നു. നല്ല വിക്കറ്റായിരുന്നു. അവര്‍ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ശ്രീലങ്ക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും അവരുടെ ബാറ്റിങ്ങിന്. തെറ്റുകളില്‍ നിന്നും ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളും.’

അതേസമയം, ഇന്ത്യയുടെ ബോളിങ് ലൈനപ്പില്‍ മതിയായ അനുഭവസമ്പത്തുണ്ടെന്നാണ് രോഹിത് പറയുന്നത്. ഇതുപോലുള്ള സാഹചര്യങ്ങള്‍ മുമ്പും നേരിട്ടുണ്ടെന്നും രോഹിത് പറയുന്നു. ഇതുപോലുള്ള വിക്കറ്റില്‍ ബാറ്റിങ് കൂടുതല്‍ മികച്ചതായിരിക്കണമെന്നും താരം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീം വളരെ സന്തുലിതമാണെന്നും ടീം തിരിച്ചു വരുമെന്നും രോഹിത് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ