കൊളംബോ: നിദാഹാസ് ട്രോഫി കിരീട നേട്ടം രോഹിത് ശർമ്മയുടെ നായകത്വത്തിന് കൂടിയുളള മികവായി കൂടി വിലയിരുത്തപ്പെട്ടേക്കാം. അനുഭവ സമ്പത്തുളള ദിനേശ് കാർത്തിക്കിനെ ബാറ്റിംഗ് ഓർഡറിൽ താഴെയിറക്കിയ തീരുമാനം ഫിനിഷിംഗ് മുന്നിൽ കണ്ടാണെന്ന് താരം നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്നലെ ദിനേശ് കാർത്തിക് കാഴ്ചവച്ചതും. പിന്നാലെ തന്നെ താരത്തിന്റെ പ്രകടനത്തെ ക്രിക്കറ്റ് പ്രേമികളാകെ ഏറ്റെടുത്ത് കഴിഞ്ഞു. ഒരിക്കലും മറക്കാനാകാത്ത മത്സരക്കാഴ്ചയാണ് കൊളംബോയിലെ മൈതാനത്ത് ബംഗ്ലാദേശികളെ നിഷ്പ്രഭരാക്കി ഇന്ത്യ നേടിയത്.

ലോകമാകെയുളള ഇന്ത്യക്കാർ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി സഞ്ചരിക്കുകയാണ് ഇപ്പോഴും. ഈ സമയത്താണ് ടൂർണ്ണമെന്റിലെ തന്നെ മികച്ച നിമിഷം ഇന്ത്യൻ നായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് ഏറെ സന്തോഷമുണ്ടാക്കിയ നിമിഷമേതെന്നാണ് രോഹിത് ശർമ്മ ട്വിറ്ററിൽ ഒരു ചിത്രം പങ്കുവച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പർഫാൻ സുധീറിനെ ലങ്കയുടെ സൂപ്പർഫാൻ മുഹമ്മദ് നിലം എടുത്തുയർത്തുന്ന ചിത്രമാണ് ഇദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചത്.

ചിത്രത്തിനൊപ്പം രോഹിത് ശർമ്മ കുറിച്ചത് ഇങ്ങിനെ, “ദിനേശ് കാർത്തിക് പറത്തിയ അവസാന പന്തിലെ സിക്സിന് പുറമേ ഇതാണ് ടൂർണ്ണമെന്റിൽ എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ച നിമിഷം.” കളി നമ്മളെ ഒരുമിപ്പിക്കുന്നു എന്നർത്ഥം വരുന്ന ഹാഷ്‌ടാഗ് #SportsUniteUs ചേർത്താണ് ചിത്രം പങ്കുവച്ചത്.