രവീന്ദ്ര ജഡേജയുടെ തമാശ കാരണം പേടിച്ചു പോയ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയായിരുന്നു സംഭവം. മൂന്നു ടെസ്റ്റ് മൽസരം, ആറു ഏകദിനം, മൂന്നു ട്വന്റി ട്വന്റി മൽസരങ്ങൾക്കാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

മൽസരത്തിന്റെ ഇടവേളയിൽ ഇന്ത്യൻ ടീമിലെ ചില താരങ്ങൾ ഭാര്യമാർക്കൊപ്പം ജംഗിൾ സഫാരിക്ക് പോയി. അവിടെവച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ‘വാട് ദ ഡക്’ ഷോയിൽ രോഹിത് ശർമ്മയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പറഞ്ഞത്.

ജഡേജയുടെ തമാശകാരണം ഞങ്ങളെല്ലാം പേടിച്ചുപോയെന്ന് അജിങ്ക്യ രഹാനെ പഞ്ഞു. ”വളരെ രസകരമായിരുന്നു സഫാരി. പക്ഷേ ഒരു സമയത്ത് അതെല്ലാം നഷ്‌ടപ്പെട്ടു. രണ്ടു മൂന്നു ചീറ്റപ്പുലികൾ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ കാടിന് നടുവിലായിരുന്നു. ഞങ്ങൾക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് അറിയില്ല. ആ സമയത്ത് ഞാനും ഭാര്യ രാധികയും രോഹിത്തും ഭാര്യ റിതികയും ജഡേജയും ഉണ്ടായിരുന്നു. ചീറ്റപ്പുലികൾ പെട്ടെന്ന് ഞങ്ങളുടെ നേർക്ക് തിരിഞ്ഞ് ഞങ്ങളെ തന്നെ നോക്കിനിന്നു. ആ സമയം ശരിക്കും പേടിച്ചുപോയി” രഹാനെ പറഞ്ഞു.

ചീറ്റപ്പുലികൾ തങ്ങളുടെ നേർക്ക് തിരിയാൻ ജഡേജയാണ് കാരണക്കാരനെന്ന് രോഹിത് കുറ്റപ്പെടുത്തി. ”ജഡേജ വിചിത്രമായ എന്തോ​ ശബ്ദം ഉണ്ടാക്കിയപ്പോൾ അവയുടെ ശ്രദ്ധ ഞങ്ങളുടെ നേർക്ക് തിരിക്കുകയായിരുന്നു. ജഡേജയുടെ ശബ്ദം കേട്ടപ്പോഴാണ് അവ തിരിഞ്ഞു നോക്കിയത്. നീ എന്താണ് ചെയ്യുന്നത്? നമ്മൾ കാടിന് നടുവിലാമെന്ന് ഞങ്ങൾ അവനോട് പറഞ്ഞു. ചീറ്റകൾ കണ്ടാൽ നമ്മളെ അവയുടെ ഇരയാക്കുമെന്ന് പറഞ്ഞു. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് എനിക്കവനെ ഇടിക്കാൻ തോന്നി. പക്ഷേ ആ സമയം ശബ്ദമുണ്ടാക്കാതെ നിൽക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് മനസിലായി. ഇതൊക്കെയാണെങ്കിലും ജീവിതത്തിലെ നല്ലൊരു അനുഭവമായിരുന്നു അതെന്നു” രോഹിത് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ