ടി20യിൽ തുടർച്ചയായി പരാജയപ്പെട്ട് ക്രിക്കറ്റ് പ്രേമികളുടെയാകെ വിരോധത്തിന് പാത്രമായതാണ് നിദാഹാസ് ട്രോഫിയിലെ ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മ. ടൂർണ്ണമെന്റിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി താരം കളിക്കളത്തിൽ തന്റെ ഫോം വീണ്ടെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത്ത് ശർമ്മയുടെ പ്രകടനത്തിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 176 റൺസാണ് ഇന്ത്യ നേടിയത്. രോഹിത്ത് ശർമ്മ 61 പന്തിൽ 89 റൺസെടുത്ത് പുറത്തായി. അഞ്ച് വീതം ഫോറും സിക്സറുമടിച്ചാണ് താരം കളിയിൽ തിളങ്ങിയത്.

അതേസമയം തന്നെ ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ സിക്സടിക്കുന്ന ടി20 താരമെന്ന നേട്ടവും രോഹിത്ത് സ്വന്തമാക്കി. യുവ്‌രാജ് സിംഗ് നിലനിർത്തിപ്പോന്നിരുന്ന കിരീടമാണ് ഹിറ്റ്മാൻ തന്റെ പേരിലാക്കിയത്. ഇന്നത്തെ ഇന്നിംഗ്‌സിൽ 75ാമത്തെ സിക്സാണ് രോഹിത്ത് പൂർത്തിയാക്കിയത്. യുവ്‌രാജ് സിംഗിന്റെ പേരിലുളള 74 സിക്സുകളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.

സുരേഷ് റെയ്‌ന 54 സിക്സറുകളുമായി മൂന്നാം സ്ഥാനത്തും ധോണി 46 സിക്സുമായി നാലാം സ്ഥാനത്തും നിൽക്കുന്ന പട്ടികയിൽ ഇന്ത്യയുടെ റൺ മെഷീൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്താണ് കോഹ്ലിക്ക് ഇതുവരെ 41 സിക്സുകൾ മാത്രമാണ് ടി20യിൽ നേടാനായത്.

ഒരിന്നിംഗ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച റെക്കോഡും രോഹിത്തിന്റെ പേരിലാണ്. പത്ത് സിക്സുകൾ അടിച്ചെടുത്തതാണ് രോഹിത്തിന്റെ പഴയ റെക്കോഡ്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 2017 കലണ്ടർ വർഷത്തിൽ 64 സിക്സുകൾ അടിച്ചാണ് താരം ഈ റെക്കോഡ് നേടിയത്. പട്ടികയിൽ ദക്ഷിണാഫ്രിക്കൻ താരം ഡിവില്ലിയേഴ്സാണ് രണ്ടാം സ്ഥാനത്ത്. അദ്ദേഹം 2015 ൽ നേടിയ 63 സിക്സുകളുടെ റെക്കോഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്.

ഒരു വർഷം ഇന്ത്യൻ കളിക്കാരൻ നേടുന്ന സിക്സുകളുടെ സച്ചിന്റെ റെക്കോഡ് പഴങ്കഥയാക്കിയ ചരിത്രവും രോഹിത്തിന്റെ പേരിലുണ്ട്.. 1998 ൽ സച്ചിൻ നേടി 52 സിക്സുകളുടെ റെക്കോഡ് രോഹിത്ത് ശർമ്മ 2017 ൽ 56 ആക്കി തിരുത്തി തന്റെ പേരിലാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ