മുംബൈ: ഇന്ത്യന്‍ ടീമിനായി ഒരുപാട് മത്സരങ്ങളില്‍ ഒന്നിച്ച് ബാറ്റ് ചെയ്തിട്ടുള്ളവരാണ് യുവരാജ് സിങും രോഹിത് ശര്‍മ്മയും. ഇപ്പോള്‍ രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് താരമാണ് യുവി. രണ്ട് പേരും കളിക്കളത്തിന് പുറത്തും നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവിയും രോഹിത്തും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഇത്ര സൗഹൃദപരമായിരുന്നില്ലെന്നാണ് വാസ്തവം.

ഇന്ത്യന്‍ ടീമിലെ ഏറ്റവും രസികന്‍ താരങ്ങളിലൊരാളാണ് യുവരാജ് സിങ് എന്നത് എല്ലാ താരങ്ങളും പറയുന്ന കാര്യങ്ങളിലൊന്നാണ്. അദേഹം യുവിയെ തുടക്കത്തില്‍ അഹങ്കാരിയെന്നോ ജാഡയെന്നോ മുദ്രകുത്തിയവരും നിരവധിയാണ്. അത്തരക്കാരൊക്കെ പിന്നെ അത് തിരുത്തുകയും യുവിയുമായി അടുക്കുകയും ചെയ്തതായാണ് ചരിത്രം. അത്തരമൊരു കഥയാണ് രോഹിത്തിനും പറയാനുള്ളത്.

മുംബൈ ഇന്ത്യന്‍സ് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് ഇരുവരുടേയും വെളിപ്പെടുത്തല്‍.

”യുവി എനിക്കൊരു മുതിര്‍ന്ന സഹോദരനെ പോലെയാണ്. ആദ്യത്തെ ചില അനുഭവങ്ങളൊന്നും അത്ര നല്ലതല്ലെങ്കിലും. ബസില്‍ സ്ഥിരമായി ഇരിക്കുന്ന സ്ഥലമുണ്ടായിരുന്നു യുവിക്ക്. അന്ന്, ഞാന്‍ ടീമിലെത്തിയതേയുള്ളൂ, യുവി വരുമ്പോള്‍ ഞാന്‍ ആ സീറ്റിലിരിക്കുകയായിരുന്നു. അതോടെ ഞാനും യുവിയും ചെറുതായി ഉരസി. വാക്ക് തര്‍ക്കമെന്ന് പറയില്ല, പക്ഷെ മുഖാമുഖം വന്നു” എന്നാണ് രോഹിത്തിന്റെ വാക്കുകള്‍.

”യുവി അഹങ്കാരിയാണെന്നല്ല, പക്ഷെ യുവരാജ് എന്നാല്‍ ആറ്റിറ്റിയൂഡും മറ്റുമൊക്കെ തന്നെയാണല്ലോ?” രോഹിത് കൂട്ടിച്ചേര്‍ക്കുന്നു. രോഹിത് പറഞ്ഞ കഥ പക്ഷെ യുവി അംഗീകരിക്കുന്നില്ല. യുവിക്ക് പറയാനുള്ളത് കഥയുടെ മറ്റൊരു വശമാണ്.

”എനിക്കോര്‍മ്മയുണ്ട്. ഞാന്‍ വരുമ്പോള്‍ അവന്‍ എന്റെ സീറ്റിലിരിക്കുകയായിരുന്നു. ഞാവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു, സുഹൃത്തേ എന്റെ സീറ്റാണിത്, ദയവ് ചെയ്ത് മാറിയിരിക്കണം. അവന്‍ ഈ കഥ എവിടെ പറഞ്ഞാലും കുറച്ച് മസാല ചേര്‍ത്തേ പറയാറുള്ളൂ” എന്നാണ് യുവിയുടെ വശം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിലെ ഫൈനൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ ചെന്നൈ സൂപ്പർ കിങ്സ്. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ തുടർച്ചയായ രണ്ടാം ഫൈനൽ ഉറപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook