ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 203 റൺസിന് ഇന്ത്യ പ്രൊട്ടിയാസുകളെ പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് രോഹിത് ശർമ്മയുടെ പ്രകടനമാണ്. രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടി ഓപ്പണറായുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കിയ രോഹിത് ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ടെസ്റ്റ് റാങ്കിങ്ങിലും മുന്നലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യൻ താരം.

ടെസ്റ്റ് റാങ്കിങ്ങിൽ 17-ാം സ്ഥാനത്തേക്കാണ് രോഹിത് ഉയർന്നത്. 36 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഒരു ടെസ്റ്റ് കൊണ്ട് രോഹിത് ആദ്യ 20ൽ ഇടം പിടിച്ചിരിക്കുന്നത്. 28 ടെസ്റ്റ് മത്സരങ്ങൾ ഇതുവരെ കളിച്ച താരം അഞ്ചു സെഞ്ചുറികളും തികച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും നേടി.

ഇന്ത്യയുടെ മറ്റൊരു ഓപ്പണർ മായങ്ക് അഗർവാളും ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പാണ് നടത്തിയത്. 38 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം റാങ്കിലേക്കാണ് മായങ്ക് എത്തിയത്. ദക്ഷിണാഫ്രക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ താരമാണ് മായങ്ക് അഗർവാൾ.

Also Read: ഗംഭീറിന്റെ കരിയർ അവസാനിക്കാൻ കാരണം താനാണെന്ന അവകാശവാദവുമായി പാക് താരം

അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനം നിലനിർത്തി. എന്നാൽ 900 പോയിന്റിൽ നിന്ന് താഴേക്ക് വീണു. 2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കോഹ്‌ലി 900 പോയിന്റിന് താഴേക്ക് പോകുന്നത്. 899 പോയിന്റാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഓസിസ് താരം സ്റ്റീവ് സ്‌മിത്തിനേക്കാൾ 38 പോയിന്റ് പിറകിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി.

Also Read: ‘ബിരിയാണി കഴിച്ചാല്‍ ചെക്കന്‍ തകര്‍ക്കും’; ഷമിയെ ട്രോളി രോഹിത്

ബോളർമാരിൽ നേട്ടമുണ്ടാക്കിയത് ആർ.അശ്വിൻ തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിൻ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ പത്തിൽ തിരിച്ചെത്തി. ബോളർമാരിൽ പത്താം റാങ്കിലെത്തിയപ്പോൾ തന്നെ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിലെത്താനും അശ്വിന് സാധിച്ചു. ഇന്ത്യയുടെ തന്നെ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്കും ഉയർന്നു.

Also Read: ഹീറോയായി ഷമി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

രോഹിത്തിന്റെയും പൂജാരയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ബോളിങ്ങിൽ ഷമിയും ജഡേജയും തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. 203 റൺസിനാണ് ഇന്ത്യ സന്ദർശകരെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 395 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook