/indian-express-malayalam/media/media_files/uploads/2019/06/Rohit-3.jpg)
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലം ഇന്നലെ കൊൽക്കത്തയിൽ പൂർത്തിയായി. ടീമുകളെല്ലാം അവർക്കു വേണ്ട താരങ്ങളെ സ്വന്തമാക്കി. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസും ആറു താരങ്ങളെ ടീമിലെത്തിച്ചു. ലേലത്തിനൊടുവിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയ്ക്കൊരു സംശയം, 'ഇനി ഞാനെവിടെ ബാറ്റ് ചെയ്യും?'
താരലേലത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ ക്രിസ് ലിന്നിനെയും ഇന്ത്യൻ താരം സൗരഭ് തിവാരിയെയും ടീമിലെത്തിച്ചതോടെ ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരുടെ എണ്ണം വീണ്ടും കൂടി. നായകൻ രോഹിത് ശർമയുൾപ്പടെ മൂന്നിലധികം ഓപ്പണർമാരും ടീമിലുണ്ട്. ഇതോടെയാണ് തന്റെ സ്ഥാനത്തെക്കുറിച്ചുള്ള സംശയം രോഹിത് ഉന്നയിച്ചത്. ലൈവ് ടെലികാസ്റ്റിലായിരുന്നു രോഹിത്തിന്റെ കമന്റ് എത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കിയ ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് മുംബൈ തട്ടകത്തിലെത്തിച്ചത്. ലേലത്തിനെത്തിയ ആദ്യ താരമായ ലിന്നിനുവേണ്ടി മറ്റു ക്ലബ്ബുകളൊന്നും രംഗത്തുണ്ടായിരുന്നില്ല. 50 ലക്ഷം രൂപയ്ക്കാണ് സൗരഭ് തിവാരിയെ മുംബൈ സ്വന്തമാക്കിയത്.
IPL Auction 2020: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ
കഴിഞ്ഞ സീസണിൽ മുംബൈയ്ക്കുവേണ്ടി ക്വിന്റൺ ഡികോക്കും രോഹിത് ശർമയുമായിരുന്നു ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇത്തവണ പുതിയ താരങ്ങൾകൂടി എത്തുന്നതോടെ ബാറ്റിങ് ഓർഡറിൽ കാര്യമായ അഴിച്ചുപണിയുണ്ടാകും. വിൻഡീസ് താരം കീറോൺ പൊള്ളാർഡ്, ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ എന്നിവരാണ് മുംബൈ ബാറ്റിങ് ലൈൻ അപ്പിലെ മറ്റു ശ്രദ്ധേയ സാന്നിധ്യങ്ങൾ.
ഓൾ റൗണ്ടറായ നഥാൻ കോൾട്ടർനില്ലെനെയും മുംബൈ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ലേലത്തിൽ മുംബൈ ഏറ്റവും കൂടുതൽ പണം മുടക്കിയതും കോൾട്ടനില്ലിനുവേണ്ടിയായിരുന്നു. എട്ടു കോടി രൂപയാണ് മുംബൈ ഈ ഓസിസ് താരത്തിനായി മുടക്കിയത്. പുതുമുഖങ്ങളായ ദിഗ്‌വിജയ് ദേശ്മുഖ്, പ്രിൻസ് ബൽവന്ത് റായ് സിങ്, മൊഹ്സിൻ ഖാൻ എന്നിവരെയും 20 ലക്ഷം രൂപ വീതം നൽകി മുംബൈയിലെത്തിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us