ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുന്നില്ല എന്ന ചോദ്യം പല കോണില്‍ നിന്നും കാലങ്ങളായി കേള്‍ക്കുന്നതാണ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലേക്ക് ഉള്‍പ്പെടുത്തിയതോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന് ഒരുങ്ങിയിരിക്കുന്നത്. താരത്തിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
“സഞ്ജുവിനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹത്തിന്റെ കഴിവ് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. അദ്ദേഹം എന്നൊക്കെ നന്നായി ബാറ്റ് ചെയ്താലും എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരിക്കും ഇന്നിങ്സ്,” ശ്രിലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.
“മുന്നേറാനുള്ള കഴിവുകള്‍ സഞ്ജുവിനുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ കഴിവുറ്റ താരങ്ങള്‍ ഇപ്പോഴുണ്ട്. കഴിവ് എങ്ങനെ പ്രയജോനപ്പെടുത്തുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാഹചര്യത്തെ മനസിലാക്കുകയും മികവ് അതനുസരിച്ച് ഉയര്‍ത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം സഞ്ജുവിനാണ്,” രോഹിത് കൂട്ടിച്ചേര്‍ത്തു.
“ഒരു ടീമെന്ന നിലയിലും, ഒരു മാനേജ്മെന്റ് എന്ന നിലയിലും സഞ്ജുവില്‍ ഒരുപാട് സാധ്യതകള്‍ ഞങ്ങള്‍ കാണുന്നു. മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള മികവ് സഞ്ജുവിലുണ്ട്,” രോഹിത് വിശദീകരിച്ചു.
“അദ്ദേഹം ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും ആത്മവിശ്വാസം ഞങ്ങള്‍ നല്‍കേണ്ടതുണ്ട്. മുന്നോട്ടുള്ള പദ്ധതികളുടെ ഭാഗമാണ് സഞ്ജു. അതിനാലാണ് ടീമിന്റെ ഭാഗമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പുള്‍ ഷോട്ടുകളും കട്ട് ഷോട്ടുകളും ഐപിഎല്ലില്‍ നാം കണ്ടിട്ടുള്ളതാണ്. ബോളര്‍മാരുടെ മുകളില്‍ അദ്ദേഹത്തിന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയും,” രോഹിത് പറഞ്ഞു.
“സഞ്ജു അനായാസം കളിക്കുന്ന ഷോട്ടുകള്‍ അത്ര എളുപ്പമുള്ളതല്ല. ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍ അത്തരം മികവാണ് നമുക്ക് ആവശ്യം. അദ്ദേഹം കഴിവുകള്‍ പരമാവധി ഉപയോഗിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” രോഹിത് വ്യക്തമാക്കി.