scorecardresearch
Latest News

ആകാശത്തേക്ക് നോക്കി ‘ചതിക്കരുതേ മഴയേ’ എന്ന് രോഹിത്; തൊട്ടടുത്ത പന്തില്‍ സിക്‌സും സെഞ്ചുറിയും

സെഞ്ചുറിക്ക് അരികെ മഴ മൂലം കളി നിര്‍ത്തിവക്കേണ്ടി വന്നാല്‍ ആര്‍ക്കാണ് സങ്കടം വരാതിരിക്കുക

ആകാശത്തേക്ക് നോക്കി ‘ചതിക്കരുതേ മഴയേ’ എന്ന് രോഹിത്; തൊട്ടടുത്ത പന്തില്‍ സിക്‌സും സെഞ്ചുറിയും

ടെസ്റ്റ് ക്രിക്കറ്റിന് ടി20യുടെ കാലത്ത് ആരാധകര്‍ കുറഞ്ഞു വരുന്നുണ്ട്. ടെസ്റ്റിന്റെ മെല്ലപ്പോക്കാണ് അതിനുള്ള കാരണം. ദിവസം മുഴുവനും മുട്ടിക്കളി കാണാന്‍ ടി20യെ സ്‌നേഹിക്കുന്ന പലര്‍ക്കും മടിയാണ്. ടെസ്റ്റിന്റെ ഈ മെല്ലപ്പോക്ക് ശൈലിയ്ക്ക് വിരുദ്ധമായി ഒഴുക്കിനെതിരെ നീന്തിയ പല ബാറ്റ്‌സ്മാന്മാരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം വീരു എന്ന വിരേന്ദര്‍ സെവാഗ് തന്നെ ഉദാഹരണം. ഇപ്പോഴിതാ രോഹിത് ശര്‍മ്മയിലൂടെ ടെസ്റ്റില്‍ വീണ്ടും ഓപ്പണിങ് വെടിക്കെട്ടിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ഫോമിലാണ് രോഹിത് കൡക്കുന്നത്. ഇതുവരെ പരമ്പരയില്‍ രോഹിത് മൂന്ന് സെഞ്ചുറികളാണ് നേടിയത്. റാഞ്ചിയിലെ അവസാന ടെസ്റ്റിലും രോഹിത് 100 കടന്നിട്ടുണ്ട്. ഡെയ്ല്‍ പീറ്റിനെതിരെ സിക്‌സ് നേടിക്കൊണ്ടായിരുന്നു രോഹിത് സെഞ്ചുറി തികച്ചത്. എന്നാല്‍ ഇതിന് തൊട്ട് മുന്‍പ് കളിക്കളത്തില്‍ നടന്നത് രസകരമായ സംഭവമായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സ് 45-ാം ഓവറില്‍ എത്തി നില്‍ക്കുന്നു. രോഹിത് 95 ലാണ്. പെട്ടെന്ന് നേരിയ മഴ പെയ്യാന്‍ ആരംഭിച്ചു. ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാനായി തയ്യാറെടുത്ത് നില്‍ക്കുന്നു. മഴ കാരണം മത്സരം നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന് എല്ലാവരും ആശങ്കപ്പെട്ടു. ഈ സമയം രഹാനെയായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന രോഹിത്തിന്റെ മുഖഭാവമാണ് രസം.

സെഞ്ചുറിയ്ക്ക് തൊട്ടരികെ നില്‍ക്കുന്ന രോഹിത് മൂടിക്കെട്ടിയ ആകാശത്തേക്ക് നോക്കി ‘ചതിക്കരുതേ…’ എന്നര്‍ത്ഥം വരുന്ന തരത്തില്‍ ആഗ്യം കാണിക്കുന്നുണ്ടായിരുന്നു. സെഞ്ചുറിക്ക് അരികെ മഴ മൂലം കളി നിര്‍ത്തിവക്കേണ്ടി വന്നാല്‍ ആര്‍ക്കാണ് സങ്കടം വരാതിരിക്കുക. തൊട്ടടുത്ത പന്തില്‍ തന്നെ രോഹിത്തിന് സ്‌ട്രൈക്ക് കിട്ടി. അവസരം വിട്ടുകളയാന്‍ രോഹിത് തയ്യാറായില്ല. ലോങ് ഓഫീലേക്ക് പന്ത് പറത്തി വിട്ടു ഹിറ്റ്മാന്‍. സിക്‌സ്, രോഹിത് 100 കടന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma passes century with a six