മുംബെെ: കോവിഡ് -19 ഭീഷണി കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചെങ്കിലും ഫീൽഡിനു പുറത്ത് താരങ്ങളുടെയും ആരാധകരുടെയും ചർച്ചകളും സംവാദങ്ങളും തർക്കങ്ങളുമൊക്കെ തുടരുകയാണ്. വിരാട് കോഹ്ലി, രോഹിത് ശർമ, ഇതിൽ ആർക്കാണ് ഇന്ത്യൻ നായകനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുക എന്ന കാര്യത്തിലും ഇത്തരം സംവാദങ്ങൾ തുടരുന്നു. 2017ലാണ് ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിലൂടെ വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകത്വത്തിലേക്കെത്തിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റനുമാണ് കോഹ്ലി. ചില മത്സരങ്ങളിൽ ദേശീയ ടീമിനായി താൽക്കാലിക ക്യാപ്റ്റനായിറങ്ങിയ രോഹിത് നിലവിൽ ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിന്റെ ക്യാപ്റ്റനുമാണ്.
Also Read: എല്ലാ സാധ്യതകളും പരിഗണിക്കും; ടി20 ലോകകപ്പിൽ ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്ന് ഐസിസി
കോഹ്ലിയും രോഹിതും നല്ല തന്ത്രങ്ങൾ പുറത്തെടുക്കാൻ കഴിവുള്ളവരാണെന്ന് രണ്ടു പേരുടെയും ക്യാപ്റ്റൻസിയിൽ ഐപിഎൽ ടീമുകളിൽ കളിച്ച് പരിചയമുള്ള കോറി പറഞ്ഞു. രോഹിത് കുറച്ചുകൂടി ശാന്തതയോടെ ഇടപെടുമ്പോൾ കോഹ്ലി അക്രമണോത്സുകമായ സ്വഭാവം കാഴ്ച വയ്ക്കുന്നുവെന്നതാണ് ഇരുവർക്കുമിടയിലെ പ്രധാന വ്യത്യാസമായി ആൻഡേഴ്സൺ പറയുന്നത്. “ഇരുവരും നല്ല നായകൻമാരാണ്. ശർമ കുറച്ച് ശാന്തതയോടെയാണ് ആ സ്ഥാനം കെെകാര്യം ചെയ്യുന്നത്. ജയം ലക്ഷ്യം വയ്ക്കുമ്പോഴും എല്ലാം ഒതുക്കത്തോടെ കെെകാര്യം ചെയ്യുന്നു. കോഹ്ലി അദ്ദേഹത്തിന്റെ ഹൃദയം കയ്യിൽ ധരിച്ചിരിക്കുന്നു, വികാരങ്ങൾ പുറത്തു കാണിക്കുന്നു. പക്ഷേ രണ്ടു പേരും ഇരുവരുടെയും ടീമുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരാണ്. സ്വാഭാവികമായി തന്നെ നേതൃത്വ ഗുണമുള്ളവരാണ് അവർ. ” കോറി പറഞ്ഞു.
“അവർ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിൽ മികവ് പുലർത്തുന്നവരാണ്; അവർ കളി മനസ്സിലാക്കും, എങ്ങിനെ വിജയിക്കണമെന്നറിയും. അതിനാലാണ് ഇന്ത്യൻ ടീം വിജയകരമായി മുന്നോട്ട് പോവുന്നത്.” കോറി ആൻഡേഴ്സൺ അഭിപ്രായപ്പെടുന്നു.
Also Read: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് വിരാട് കോഹ്‌ലി; വീഡിയോ
രോഹിത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിക്കാരിലൊരാളാണെന്നും കോറി പറഞ്ഞു. ” മുഴുവൻ കഴിവും പുറത്തെടുക്കുമ്പോൾ കാണാൻ ഇഷ്ടപ്പെടുന്ന കളിക്കാരിലൊരാളാണ് രോഹിത് ശർമ. ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കളിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹം ക്രിക്കറ്റിനെ മാറ്റും. ഏറ്റവും വലിയ ക്രിക്കറ്റ് താരങ്ങൾ അത് ചെയ്യും.”- കിവീസ് ഓൾ റൗണ്ടർ പറഞ്ഞു.