ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ശ്രദ്ധേയമാകാൻ പോകുന്നത് രോഹിത് ശർമയുടെ ബാറ്റിങ്ങാണ്. താരത്തിന്റെ പരുക്കും ടീമിൽ നിന്ന് ഒഴിവാക്കിയതും പിന്നീട് ഉൾപ്പെടുത്തിയതുമെല്ലാം വലിയ ചർച്ചയായിരുന്നു. ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്ലിയുടെ അഭാവവും എല്ലാ കണ്ണുകളും രോഹിത്തിന്റെ ബാറ്റിലേക്ക് എത്തിക്കുന്നു. ഓസ്ട്രേലിയയിൽ ടീം നൽകുന്ന എന്ത് ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് രോഹിത് ശർമ വ്യക്തമാക്കി.
“ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്, ഒരിക്കൽ കൂടി ആവർത്തിക്കാം. ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ എന്നെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് അവർ മാറ്റുമോയെന്ന് എനിക്കറിയില്ല. അവിടുത്തെ സാഹചര്യത്തിനനുസരിച്ചായിരിക്കും അവർ തീരുമാനമെടുക്കുക.” രോഹിത് ശർമ പറഞ്ഞു.
നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ, പിന്നീട് ടെസ്റ്റ് പരമ്പരയിൽ താരത്തിന് സ്ഥാനം നൽകിയിരിക്കുകയാണ്.
പരിക്കിനെത്തുടർന്നാണ് രോഹിത് പര്യടനത്തിൽനിന്ന് മാറിനിൽക്കുന്നതെന്നാണ് ബിസിസിഐ അധികൃതർ അറിയിച്ചിരുന്നത്. തന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നും ഓസ്ട്രേലിയൻ പര്യടനത്തിന് പോയാൽ എതിരാളികളെ നേരിടാൻ സജ്ജമാണെന്നും പിടിഐ വാർത്താ ഏജൻസിയോട് സംസാരിക്കവേ രോഹിത് പറഞ്ഞു.
“എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല. സത്യസന്ധമായി പറഞ്ഞാൽ എല്ലാവരും എന്താണ് സംസാരിക്കുന്നതെന്നും എനിക്കറിയില്ല. എന്നാൽ ഞാൻ ഈ കാര്യം രേഖപ്പെടുത്തട്ടെ, ബിസിസിഐയുമായും മുംബൈ ഇന്ത്യൻസുമായും ഞാൻ നിരന്തരം ആശയവിനിമയം നടത്തുകയായിരുന്നു, ”രോഹിത് പറഞ്ഞു.