നാലാം ഏകദിനത്തിലേറ്റ കനത്ത തോൽവിക്ക് മറുപടി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാവും വെല്ലിങ്ടണിൽ ഇന്ത്യ ഇറങ്ങുക. പരമ്പരയിലെ അവസാന മത്സരം വിജയത്തോടെ സമാപനം കുറിക്കൻ ഇന്ത്യ ഒരുങ്ങുമ്പോൾ രണ്ടാം ജയമെന്ന സ്വപ്നമാണ് ന്യൂസിലൻഡ് ടീമിനുള്ളത്. നാലാം ഏകദിനത്തിൽ 92 റൺസിനാണ് ഇന്ത്യ പുറത്തായത്. കോഹ്‌ലിക്കു പകരം നായകനായി ഇറങ്ങിയ രോഹിത് ശർമ്മയുടെ കരിയറിലെ മോശം റെക്കോർഡാണ് നാലാം ഏകദിനം സമ്മാനിച്ചത്.
രോഹിത്തിന്റെ 200-ാമത്തെ ഏകദിന മത്സരത്തിലാണ് ഇന്ത്യ കുറഞ്ഞ റൺസിന് പുറത്തായത്. രോഹിത്തിന് വെറും 7 റൺസാണ് നേടാനായത്. അഞ്ചാം ഏകദിനത്തിനായി വെല്ലിങ്ടണിൽ ഇറങ്ങുമ്പോൾ രോഹിത്തിന് മുന്നിലുള്ളതൊരു റെക്കോർഡാണ്. നാലാം ഏകദിനത്തിൽ നേടാനാവാതെ പോയ റെക്കോർഡ് അഞ്ചാം ഏകദിനത്തിൽ രോഹിത് നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
സൗരവ് ഗാംഗുലിയുടെ റെക്കോർഡ് മറികടക്കലാണ് രോഹിത്തിന് മുന്നിലുള്ള ലക്ഷ്യം. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ ഗാംഗുലിയും രോഹിത്തും 7-ാം സ്ഥാനത്താണ്. ഇരുവർക്കും 22 സെഞ്ചുറികളാണ് ഉള്ളത്. വെല്ലിങ്ടണിൽ ഒരു സെഞ്ചുറി നേടിയാൽ രോഹിത് മുൻ ഇന്ത്യൻ നായകന് മുകളിലെത്തും. വെസ്റ്റ് ഇൻഡീസ് താരം ഗ്രിസ് ഗെയിലിന് ഒപ്പമെത്തുകയും ചെയ്യും. ഗെയിൽ 23 സെഞ്ചുറികളാണ് നേടിയത്.
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് സച്ചിൻ തെൻഡുൽക്കറുടെ പേരിലാണ്. സച്ചിൻ 49 സെഞ്ചുറികളാണ് അടിച്ചു കൂട്ടിയത്. തൊട്ടു പിന്നിൽ 39 സെഞ്ചുറികളുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ്.
ഞായറാഴ്ചയാണ് ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ അവസാന ഏകദിനം. മൂന്നു മത്സരങ്ങൾ ജയിച്ച് പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.