താത്ക്കാലിക നായകനായി ഇന്ത്യയ്ക്ക് വേണ്ടി നിരവധി വിജയങ്ങൾ സമ്മാനിച്ച നായകനാണ് രോഹിത് ശർമ്മ. നായകന്റെ കുപ്പായത്തിൽ പല റെക്കോർഡുകളും ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു ഇന്ത്യയുടെ ഈ ഓപ്പണർ ബാറ്റ്സ്മാൻ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും രോഹിത് ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20 യിൽ ടീമിനെ നയിച്ച ആദ്യ 14 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ജയം നേടുന്ന നായകനായാണ് രോഹിത് മാറിയത്. ആകെ കളിച്ച 14 ടി20 മത്സരങ്ങളിൽ 12ലും രോഹിത് ഇന്ത്യയെ വിജയത്തിലെത്തിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് താരങ്ങൾ മാത്രമാണ് രോഹിത്തിന്റെ നേട്ടത്തിനൊപ്പമുള്ളത്. മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കും പാക് താരം സര്‍ഫ്രാസ് അഹമ്മദുമാണ് 14 മത്സരങ്ങളില്‍ 12 ജയം നേടിയ മറ്റ് രണ്ട് നായകന്‍മാര്‍.

ഇന്ത്യയ്ക്ക് പ്രഥമ ടി20 ലോകകപ്പ് നേടി തന്ന എം എസ് ധോണിയ്ക്കും സൂപ്പർ നായകൻ വിരാട് കോഹ്‍ലിയ്ക്കും പോലും സ്വന്തമാക്കാത്ത റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്.

ടി20 റൺവേട്ടയിൽ ഒന്നാം സ്ഥാനത്തും രോഹിത് ശർമ്മ എത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിലായിരുന്നു രോഹിത്തിന്റെ റെക്കോർഡ് നേട്ടം. ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനെ മറി കടന്നാണ് ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രോഹിത് ഒന്നാമതെത്തിയത്. 35റൺസായിരുന്നു രോഹിത്തിന് ഒന്നാമതെത്താൻ വേണ്ടിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook