ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആശങ്കയിലാഴ്ത്തി രോഹിത് ശർമ്മയുടെ പരുക്ക് വാർത്തയാകുന്നത്. പരുക്ക് മൂലം കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ രോഹിത് കളിച്ചില്ല. നായകൻ രോഹിത്തിന്റെ അഭാവത്തിലും മുംബൈ ആവേശകരമായ ജയം സ്വന്തമാക്കി. എന്നാൽ രോഹിത്തിന് മത്സരത്തോടൊപ്പം നഷ്ടമായത് ഒരു റെക്കോർഡ് കൂടിയാണ്.

Also Read: പൊള്ളാർഡിന്റെ തോളിലേറി മുംബൈ; പഞ്ചാബിനെതിരെ അവസാന പന്തിൽ ജയം

ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന സുരേഷ് റെയ്നയുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരമാണ് രോഹിത്തിന് നഷ്ടമായത്. 2011ൽ ഡെക്കാൻ ചാർജേഴ്സിൽ നിന്ന് മുംബൈയിലെത്തിയ രോഹിത് ശർമ്മ എല്ലാ മത്സരങ്ങളിലും മുംബൈയ്ക്ക് നീല കുപ്പയമണിഞ്ഞിരുന്നു. ആകെ 133 മത്സരങ്ങളാണ് തുടർച്ചയായി രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് താരമായ സുരേഷ് റെയ്ന 134 മത്സരങ്ങളിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി ക്രീസിലിറങ്ങി.

Also Read: ഡൽഹിയുടെ ഡഗ് ഔട്ടിൽ ദാദയുണ്ടാകും; ഗാംഗുലിക്ക് വിലക്കില്ലെന്ന് ബിസിസിഐ

ഐപിഎല്ലിൽ ഇതിന് മുമ്പ് രോഹിത് ശർമ്മയ്ക്ക് ഒരു മത്സരം നഷ്ടമാകുന്നത് 2008ലാണ്. അന്ന് ഡെക്കാൻ ചാർജേഴ്സ് താരമായിരുന്ന രോഹിത്തിന് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരമാണ് നഷ്ടമായത്. ഐപിഎല്ലിൽ ഇതുവരെ 165 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരമാണ് രോഹിത് ശർമ്മ. 32 ഡെക്കാൻ ചാർജേഴ്സിന് വേണ്ടിയും 133 മത്സരങ്ങൾ മുംബൈ ഇന്ത്യൻസിന് വേണ്ടിയും.

ലോകകപ്പിനായുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുക ഏപ്രില്‍ 15 നാണ്. രോഹിത്തിന്റെ പരുക്ക് ഗുരുതരമാണെങ്കില്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയായിരിക്കും. ശിഖര്‍ ധവാനൊപ്പം രോഹിത്തിന് പകരം മറ്റാരെയിറക്കും എന്നത് ഇന്ത്യയെ സംബന്ധിച്ച് വന്‍ വെല്ലുവിളി തന്നെയാണ്. എന്നാൽ പരുക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook