നിദാഹാസ് ട്രോഫി ഫൈനൽ മൽസരം ചങ്കിടിപ്പോടെയല്ലാതെ ഇന്ത്യൻ ആരാധകർക്ക് കണ്ടിരിക്കാനാവില്ല. അവസാന ഓവറിൽ നിറഞ്ഞ സമ്മർദ്ദം ഇന്ത്യൻ ടീമിനെപ്പോലെ ആരാധകരുടെ മുഖത്തും കാണാമായിരുന്നു. അവസാനത്തെ ബോളിൽ ജയിക്കാൻ 5 റൺസ് വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ദിനേശ് കാർത്തിക്കിന്റെ സിക്സ് ആയിരുന്നു. ഇന്ത്യൻ ആരാധകരുടെ ഹൃദയം കവർന്നെടുത്തതായിരുന്നു ആ ബോൾ ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയർന്നത്.

ദിനേശ് കാർത്തിക്കിന്റെ ബാറ്റിൽനിന്നും പിറന്നുവീണ ആ സൂപ്പർ സിക്സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഉണ്ടായില്ല. അതിന്റെ കാരണം മൽസരശേഷം രോഹിത് വെളിപ്പെടുത്തി. ”അവസാന ബോൾ ഫോർ ആണെന്നാണ് ഞാൻ കരുതിയത്. അങ്ങനെയെങ്കിൽ സൂപ്പർ ഓവർ വരും. അതിനായി പാഡ് ധരിക്കുന്നതിനുവേണ്ടി ഞാൻ ഡ്രസിങ് റൂമിലേക്ക് പോയപ്പോഴാണ് കാർത്തിക് സിക്സ് ഉയർത്തിയത്” രോഹിത് പറഞ്ഞു.

ദിനേശിന് അധികം മൽസരം കളിക്കാനുളള അവസരമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ നിദാഹാസ് ട്രോഫിയിലെ ഫൈനൽ മൽസരത്തിൽ ദിനേശ് മികച്ച രീതിയിൽ കളിച്ചത് എനിക്ക് സന്തോഷം നൽകുന്നതാണ്. മൽസരം പൂർത്തിയാക്കാൻ ദിനേശിനുളള കഴിവും അനുഭവ പരിചയവുമാണ് ദിനേശിനെ വീണ്ടും മൽസരത്തിലേക്ക് ഞങ്ങൾ കൊണ്ടുവന്നത്. എനിക്കെപ്പോഴും എന്റെ ബാറ്റിങ് നിരയിൽ വിശ്വാസമുണ്ടെന്നും രോഹിത് പറഞ്ഞു.

ശ്രീലങ്കയിൽ ഞങ്ങൾക്ക് കിട്ടിയ ഗ്യാലറി പിന്തുണ മികച്ചതാണ്. ശ്രീലങ്കയിൽ കളിക്കുന്ന മൽസരത്തിന് അവിടുത്തെ ജനങ്ങളിൽനിന്നും ഇത്ര മികച്ച ഗ്യാലറി പിന്തുണ കിട്ടുന്നത് അതിശയകരമാണ്. അത് മൽസരത്തെ കുറച്ചുകൂടി മികവുറ്റതാക്കി- രോഹിത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ