ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ക്രീസിൽ നിലയുറപ്പിച്ച ഇംഗ്ലിഷ് നായകൻ ജോ റൂട്ട് സന്ദർശകരെ കൂറ്റൻ സ്കോറിലേക്ക് നയിച്ചപ്പോൾ ഇന്ത്യൻ ബോളർമാർ നന്നായി വെള്ളം കുടിച്ചു. ഇന്ത്യയുടെ ബോളിങ് ഡിപ്പാർട്മെന്റിനെ ഭംഗിയായി നേരിടാൻ ഇംഗ്ലിഷ് മുൻനിരയ്ക്ക് സാധിച്ചു. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ട് – ബെൻ സ്റ്റോക്സ് സഖ്യമാണ് ഇന്ത്യൻ ബോളർമാർക്ക് ശരിക്കും തലവേദനയായത്. ഈ സാഹചര്യത്തിലാണ് ഒരു ബ്രേക്ക് ത്രൂ പ്രതീക്ഷിച്ച് നായകൻ കോഹ്ലി പന്ത് രോഹിത് ശർമയെ ഏൽപ്പിക്കുന്നത്.
ഇതിന് മുമ്പ് പല തവണ രോഹിത് പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് താരത്തിന്റെ ബൗളിങ് ആക്ഷൻ അതിവേഗം തന്നെ ഇന്റർനെറ്റിൽ ചർച്ചയായി. ഇതിഹാസ താരം ഹർഭജൻ സിങ്ങിനെ അനുകരിക്കുന്ന തരത്തിലായിരുന്നു രോഹിത്തിന്റെ ബോളിങ്. രണ്ട് ഓവർ എറിഞ്ഞ രോഹിത് ഏഴ് റൺസ് മാത്രമാണ് വഴങ്ങിയത്.
Rohit sharma doing a harbhajan singh @ImRo45 @harbhajan_singh #INDvsENG #Root #Rohitsharma #BCCI #EngvsInd #pant #joeroot pic.twitter.com/Yaquft4bt6
— Vishal Ghandat (@vishalghandat1) February 6, 2021
പിന്നാലെ നിരവധി ആളുകളാണ് താരത്തിന്റെ ബോളിങ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഐപിഎല്ലിൽ രോഹിത് നായകനായുള്ള മുംബൈ ഇന്ത്യൻസും ഇക്കാര്യം ചൂണ്ടി കാട്ടി ട്വീറ്റ് ചെയ്തു. രോഹിത്തിനെയും ഹർഭജനെയും ടാഗ് ചെയ്തായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ട്വീറ്റ്.
Also Read: കൂറ്റൻ സ്കോറിലേക്ക് ഇംഗ്ലണ്ടിന്റെ ‘റൂട്ട്’ മാർച്ച്; അഞ്ഞൂറ് കടന്ന് സന്ദർശകർ
ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ൻ ടെസ്റ്റിലും പാർട് ടൈം ബോളറായി രോഹിത് എത്തിയിരുന്നു. അന്ന് നവ്ദീപ് സൈനിയുടെ ഓവർ കംപ്ലീറ്റ് ചെയ്യാനെത്തിയ രോഹിത് മീഡിയം പേസ് ഡെലിവറിയാണ് നടത്തിയതെങ്കിൽ ഇന്ന് സ്പിന്നറായിട്ടായിരുന്നു എത്തിയത്.
Also Read: റൂട്ട് കാലുളുക്കി ഗ്രൗണ്ടിലിരുന്നു; ആദ്യം ഓടിയെത്തിയത് കോഹ്ലി, പിന്നാലെ സ്ട്രെച്ചിങ്
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 555 റൺസെന്ന നിലയിലാണ് സന്ദർശകർ. ഇരട്ട സെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന്റെ തകർപ്പൻ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിലെത്തിച്ചത്. 28 റൺസുമായി ഡൊമിനിക് ബെസ്സും ആറു റൺസുമായി ജാക്ക് ലീച്ചും പുറത്താകാതെ നിൽക്കുകയാണ്.