scorecardresearch

‘സേവ് ദി റൈനോ’ ക്യാമ്പയിനുമായി രോഹിത് ശർമ്മ; ആദ്യ മത്സരത്തിൽ വ്യത്യസ്തതയുമായി താരം

2019 സെപ്റ്റംബറിലാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയുടെയും അനിമൽ പ്ലാനറ്റിന്റെയും ഒപ്പം ചേര്‍ന്ന്  ‘രോഹിത്4റൈനോസ്’ എന്ന ക്യാമ്പയിൻ ആരംഭിക്കുന്നത്

‘സേവ് ദി റൈനോ’ ക്യാമ്പയിനുമായി രോഹിത് ശർമ്മ; ആദ്യ മത്സരത്തിൽ വ്യത്യസ്തതയുമായി താരം

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ മത്സരത്തിന് ശേഷം ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ‘സേവ് ദി റൈനോ’ എന്ന സന്ദേശമുള്ള ഷൂസ് ധരിച്ചു ബാറ്റിങ്ങിനിറങ്ങിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒറ്റ കൊമ്പൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ കുറച്ചു നാളുകളായി രോഹിത് നടത്തുന്ന ക്യാമ്പയിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഐപിഎല്ലിൽ മുംബൈ ക്യാപ്റ്റൻ ആദ്യ മത്സരത്തിന് ‘സേവ് ദി റൈനോ’ സന്ദേശമുള്ള ഷൂസ് ധരിച്ചിറങ്ങിയത്. 2019 സെപ്റ്റംബറിലാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ എന്ന പരിസ്ഥിതി സംഘടനയുടെയും അനിമൽ പ്ലാനറ്റിന്റെയും ഒപ്പം ചേര്‍ന്ന്  ‘രോഹിത് 4 റൈനോസ്’ എന്ന ക്യാമ്പയിൻ ആദ്യമായി ആരംഭിക്കുന്നത്.

 

Read Also: ആശാനും ശിഷ്യനും നേര്‍ക്കുനേര്‍, ഒപ്പം ‘ചിന്നത്തല’യുടെ തിരിച്ചുവരവും; ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം

ഇന്നലത്തെ മത്സരത്തിൽ ധരിച്ച ഷൂസിന്റെ ചിത്രവുമായി രോഹിത് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ ക്യാമ്പയിനെ കുറിച്ച് അറിയിച്ചത്. അതിനു പിന്നാലെ മുൻ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ ഉൾപ്പടെയുള്ളവർ രോഹിത്തിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

”ഐപിഎല്ലിന്റെ ഓപ്പണറിൽ ഒരു വലിയ മനുഷ്യന്റെ ബൂട്ടുകൾ. രോഹിത് ഒരു നന്മക്കായി കളിച്ചുകൊണ്ടിരിക്കുന്നു. സേവിങ് റൈനോസ്” എന്നാണ് ചിത്രങ്ങൾ സഹിതം കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തത്.

 

ലോകത്ത് അവശേഷിക്കുന്ന 3500 കാണ്ടാമൃഗങ്ങളിൽ 82 ശതമാനവും ഇന്ത്യയിലാണ് കാണപ്പെടുന്നത്. നേരത്തെ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികൾക്ക് സമീപം കണ്ടിരുന്നവ ഇന്ന് അസം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.

അസമിന്റെ ഔദ്യോഗിക മൃഗമായ കാണ്ടാമൃഗങ്ങൾ ഇന്ന് പലവിധ ഭീഷണികൾ നേരിടുന്നുണ്ട്. ആവാസ വ്യവസ്ഥ നശിക്കുന്നതും വേട്ടയാടപ്പെടുന്നതും രോഗം മൂലം മരണപ്പെടുന്നതും കാണ്ടാമൃഗങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അത്രയും അത്യാവശ്യമായ ഘട്ടത്തിലാണ് രോഹിത് ശർമ്മ ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്.

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ ചാമ്പ്യന്മാരായ മുംബൈ രണ്ടു വിക്കറ്റിന് ബാംഗ്ലൂരിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഏപ്രിൽ 13ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ രണ്ടാം മത്സരം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rohit sharma mi ipl 2021 opener save the rhino shoes

Best of Express