സിഡ്‌നി: ഇന്ത്യന്‍ ടീമിനെ ഒരുപോലെ മുന്നില്‍ നിന്നു നയിക്കുകയാണ് നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും. ഇരുവരും ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്ന്മാരാണ്. താന്‍ ഫോം ആകുന്ന ദിവസം രോഹിത് ശര്‍മ്മയോളം മനോഹരമായി ബാറ്റ് ചെയ്യുന്ന വേറൊരു ബാറ്റ്‌സ്ന്മാന്‍ ലോകത്തില്ലെന്നാണ് പറയാറ്. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും എന്നും ലെഗ് സ്പിന്നിന് മുന്നില്‍ വീണു പോയ ചരിത്രമാണ് രോഹിത്തിന്റേത്.

രോഹിത്തിന്റെ ആ ദൗര്‍ബല്യം മനസിലാക്കിയാണ് ഇന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ആഡം സാമ്പയെ രോഹിത്തിനെ നേരിടാന്‍ വിട്ടത്. തന്നെ എല്‍പ്പിച്ച പണി കൃത്യമായി തന്നെ പൂര്‍ത്തിയാക്കി താരം. ഏഴാം ഓവറിലായിരുന്നു സാമ്പയെ ഫിഞ്ച് കൊണ്ടു വരുന്നത്. ആദ്യ പന്തു മുതല്‍ രോഹിത്തിന് മുകളില്‍ സാമ്പ സമ്മര്‍ദ്ദം വിതറി. സാമ്പയുടെ തിരിയുന്ന പന്തുകള്‍ നേരിടാനാകാതെ രോഹിത് വെള്ളം കുടിക്കുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഒടുവില്‍ സാമ്പയ്ക്കു മുന്നില്‍ കീഴടങ്ങി രോഹിത് മടങ്ങി. 23 റണ്‍സുമായാണ് രോഹിത് മടങ്ങിയത്.

നാല് പന്തു നേരിട്ട രോഹിത് അഞ്ചാം പന്തിലാണ് പുറത്തായത്. സാമ്പ രോഹിത്തിന് മേല്‍ ആധിപത്യം നേടുന്നത് കാണാമായിരുന്നു. ആദ്യത്തെ രണ്ടുകളും ഒരേ ലെങ്തില്ലെറിഞ്ഞ സാമ്പ മൂന്നാം പന്ത് മാറ്റി എറിഞ്ഞതോടെ രോഹിത് ബാലന്‍സ് നഷ്ടപ്പെട്ട് ക്രീസില്‍ വീണു. നാലാം പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഞ്ചാം പന്തില്‍ രോഹിത് പുറത്താവുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook