ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയതോടെ ഐസിസി റാങ്കിങ്ങിൽ രോഹിത് ശർമ്മ മുന്നോട്ട് കയറി. ഐസിസി ഏകദിന റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കാണ് നിലവിലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ എത്തിച്ചേർന്നിരിക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റന് സ്വന്തം നില മെച്ചപ്പെടുത്താനും സാധിച്ചത്. കരിയറിലാദ്യമായി 800 പോയിന്റ് എന്ന മൈൽക്കുറ്റി താണ്ടാനായതും ഹിറ്റ്മാന് നേട്ടമായി. ഇതോടെ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ മുന്നേറ്റം.

2016 ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്ത് എത്തിയതാണ് രോഹിത്തിന്റെ ഇതുവരെയുള്ള മികച്ച നേട്ടം. രണ്ടാം ഏകദിനം കഴിഞ്ഞ ഉടനെ 825 പോയിന്റ് നേടിയ ഹിറ്റ്മാന് പരമ്പര അവസാനിച്ചപ്പോൾ 816 പോയിന്റാണ് ഉള്ളത്. ശിഖർ ധവാനും നില മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേക്ക് ഉയർന്നു.

സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ 28-ാം സ്ഥാനത്തേക്കും കുൽദീപ് യാദവ് 56-ാം സ്ഥാനത്തേക്കും ഉയർന്നതാണ് മറ്റൊരു നേട്ടം. യഥാക്രമം 26 ഉം 18 ഉം റാങ്കുകൾ കയറിയാണ് ഇപ്പോഴത്തെ നിലയിലേക്ക് ഇരുവരും ഉയർന്നത്. എന്നാൽ ഇന്ത്യയ്ക്ക് ടീം റാങ്കിങ് മെച്ചപ്പെടുത്താൻ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയെ പിന്തള്ളാൻ, ശ്രീലങ്കയ്ക്ക് എതിരായ പരമ്പര ഇന്ത്യ തൂത്തുവാരണമായിരുന്നു. എന്നാൽ ആദ്യ മൽസരം ഇന്ത്യ ദയനീയമായി പരാജയപ്പെട്ടത് ഈ സാഹചര്യം ഇല്ലാതാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ