ഇന്ത്യൻ പ്രീമിയർ ലീഗിൽ 5,000 റൺസ് നേടി ഇന്ത്യൻ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ. ഐപിഎൽ 13-ാം സീസണിലെ മുംബൈ ഇന്ത്യൻസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിലാണ് രോഹിത് അപൂർവനേട്ടം സ്വന്തമാക്കിയത്.

പഞ്ചാബ് താരം മൊഹമ്മദ് ഷമിയുടെ ബോൾ ഫോർ പായിച്ചാണ് രോഹിത് 5,000 റൺസ് ക്ലബിൽ ഇടംപിടിച്ചത്. ഐപിഎല്ലിലെ തന്റെ 193-ാം മത്സരത്തിലാണ് രോഹിതിന്റെ നേട്ടം.

ഐപിഎൽ ചരിത്രത്തിൽ 5,000 റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. നേരത്തെ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവർ 5,000 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

Read Also: കോവിഡ് കാലമാണ്, ഓർമ വേണം; പന്തിൽ തുപ്പൽ പുരട്ടി ഉത്തപ്പ (വീഡിയോ)

പഞ്ചാബിനെതിരായ മത്സരത്തിൽ 45 പന്തിൽ നിന്ന് 70 റൺസ് നേടിയ ശേഷമാണ് രോഹിത് പുറത്തായത്.

ഐപിഎല്ലിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണ്. 180 മത്സരങ്ങളിൽ നിന്ന് 5,430 റൺസാണ് കോഹ്‌ലി നേടിയിട്ടുള്ളത്. അഞ്ച് സെഞ്ചുറിയും 36 അർധ സെഞ്ചുറിയും കോഹ്‌ലി നേടിയിട്ടുണ്ട്. 193 മത്സരങ്ങളിൽ നിന്ന് 5,368 റൺസാണ് റെയ്‌ന നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 38 അർധ സെഞ്ചുറിയും റെയ്‌ന നേടിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഓസീസ് താരവും സൺറെെസേഴ്‌സ് ഹെെദരബാദ് നായകനുമായ ഡേവിഡ് വാർണർ അതിവേഗം ഐപിഎൽ 5,000 ക്ലബിൽ സ്ഥാനം പിടിക്കുന്ന താരമായേക്കും. വെറും 128 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ചുറിയും 44 അർധ സെഞ്ചുറിയുമായി 4,748 റൺസ് വാർണർ നേടിയിട്ടുണ്ട്. ഈ സീസണിൽ തന്നെ വാർണർ 5,000 ക്ലബിൽ സ്ഥാനം പിടിച്ചേക്കും. ഇന്ത്യൻ താരങ്ങളുടെ റെക്കോർഡ് മറികടക്കാനും വാർണർക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook