കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കളി മൈതാനങ്ങളും നിശ്ചലമായി. ഇതോടെ സമൂഹമാധ്യമങ്ങളിലേക്ക് ചുവട് മാറി ചവിട്ടിയ മിന്നും താരങ്ങൾ ടിക് ടോക് വീഡിയോകളിലും ഇൻസ്റ്റഗ്രാം ലൈവുകളിലുമായി സമയം ചെലവിടുകയാണ്. ആരാധകരുമായി കൂടുതൽ സംവദിക്കാനുള്ള അവസരം കൂടിയാണിത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലും ഇന്ത്യൻ വെടിക്കെട്ട് താരം രോഹിത് ശർമയും ചേർന്ന് ഫെയ്സ്ബുക്കിൽ അപ്രതീക്ഷിതമായി സംസാരിക്കാനിടയായി.

Also Read: ലോക്ക്ഡൗണിനിടയിൽ ക്രിക്കറ്റ് കളിച്ച് വിരാടും അനുഷ്‌കയും; വീഡിയോ

പ്രധാനമായും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ച പതിയെ ഫുട്ബോളിലേക്കും എത്തി. അപ്പോഴാണ് ഫുട്ബോൾ ആരാധകനായ രോഹിത് തന്റെ ഇഷ്ട താരത്തെക്കുറിച്ച് വാചാലനായത്. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ് താനെന്നാണ് രോഹിത് പറയുന്നത്. തങ്ങളൊരു റൊണാൾഡോ ആരാധകനാണോയെന്ന തമീം ഇഖ്ബാലിന്റെ ചോദ്യത്തിനായിരുന്നു രോഹിത് ഫുട്ബോൾ ഇഷ്ടങ്ങൾ പങ്കുവച്ചത്.

Also Read: ഐപിഎൽ മുടങ്ങിയാൽ നഷ്ടം 4000 കോടി രൂപ: സൗരവ് ഗാംഗുലി

“തീർച്ചയായും, ആരാണ് റൊണാൾഡോയെ ഇഷ്ടപ്പെടാത്തത്. അദ്ദേഹം രാജാവാണ്. തന്റെ കരിയറിൽ അദ്ദേഹം ചെയ്തതെല്ലാം മികച്ചതാണ്. അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം കൈവരിച്ചതിനെയെല്ലാം നിങ്ങൾ അഭിനന്ദിക്കണം. അദ്ദേഹം വന്ന പശ്ചാത്തലം കാരണം അത് എളുപ്പമല്ല. തുടക്കത്തിൽ അദ്ദേഹത്തിന് വളരെ മോശം സമയമുണ്ടായിരുന്നു. അവരുടെ കരിയറിന്റെ തുടക്കത്തിലും അവസാനത്തിലും വളരെ ബുദ്ധിമുട്ടേറിയ ഇത്തരം ആളുകളെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു, അവർക്ക് ലഭിച്ച എല്ലാ അവസരങ്ങളിൽ നിന്നും അവർ മികച്ചതാണ് സൃഷ്ടിച്ചത്,” രോഹിത് പറഞ്ഞു.

Also Read: ചെന്നൈ-മുംബൈ ടീമുകളെ ചേർത്തൊരു ഐപിഎൽ ഇലവൻ; ഓപ്പണർമാരായി ഇതിഹാസങ്ങൾ

ക്രിക്കറ്റിൽ മിന്നും താരമായിരിക്കുമ്പോഴും ഫുട്ബോളിന്റെ വലിയ ആരാധകനാണ് രോഹിത്. സ്‌പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് രോഹിത്തിന്റെ ഇഷ്ട ക്ലബ്ബ്. 2009 മുതൽ 2018 വരെ റൊണാൾഡോയുടെ തട്ടകമായിരുന്ന മാഡ്രിഡിന്റെ മത്സരങ്ങൾ കാണാൻ പലപ്പോഴും താരം സമയം കണ്ടെത്താറുണ്ട്. ഈ വർഷം നടന്ന എൽ ക്ലാസിക്കോ കാണാനും രോഹിത് നേരിട്ടെത്തിയിരുന്നു. അന്ന് ബാഴ്സയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook