മൊഹാലി: അവസാന നാല് മത്സരവും രണ്ടാമത് ബാറ്റ് ചെയ്തവർ വിജയിച്ച് ചരിത്രം ഉള്ള മൊഹാലിയിലെ മൈതാനത്ത് വിജയം മാത്രം ലക്ഷ്യമിട്ടാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ കളിക്കാനിറങ്ങിയത്. ഹിറ്റ്മാന്റെ കരുതലോടെയുള്ള ബാറ്റിങ് വിജയം കണ്ടപ്പോൾ അപരാജിതമായ ഇന്നിങ്സിലൂടെ മൂന്നാം ഇരട്ടസെഞ്ചുറിയാണ് രോഹിത് ശർമ്മ തികച്ചത്.

എന്നാൽ അവിടം കൊണ്ട് അവസാനിക്കുന്നില്ല, ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി ഇറങ്ങിയ രോഹിത്തിന്റെ നേട്ടങ്ങൾ. സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ തുടങ്ങിവച്ച ഏകദിനത്തിലെ ഇരട്ടസെഞ്ചുറി വേട്ട, ഏറ്റവും നന്നായി നടത്തുന്നത് ഈ ഇന്ത്യൻ കളിക്കാരൻ തന്നെയാണ്.

വിരേന്ദർ സെവാഗും വെസ്റ്റ് ഇന്റീസ് താരം ക്രിസ് ഗെയ്ൽ കീവീസ് താരം മാർട്ടിൻ ഗുപ്ടിലും ആണ് ഇരട്ടസെഞ്ചുറി നേടിയ മറ്റ് താരങ്ങൾ. രണ്ട് വട്ടം ഇരട്ടസെഞ്ചുറി നേടി ചരിത്രം കുറിച്ച സെവാഗിന്റെ റെക്കോർഡിനൊപ്പമായിരുന്നു രോഹിതും. ഈ ചരിത്രമാണ് ഇതോടെ തിരുത്തിക്കുറിച്ച് സ്വന്തം പേരിലാക്കിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ടസെഞ്ചുറി നേടുന്ന താരമായി മാറി ഇദ്ദേഹം. ആകെ എട്ട് ഇരട്ടസെഞ്ചുറികൾ മാത്രമാണ് ലോകചരിത്രത്തിൽ ഇതുവരെ പിറന്നത്. ഇതിൽ മൂന്നും സ്വന്തം പേരിലാണെന്നതാണ് ഹിറ്റ്മാനെ വ്യത്യസ്തനാക്കുന്നത്.

ഇതിന് പുറമേ ക്യാപ്റ്റനെന്ന നിലയിൽ ഒരു താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സാണ് രോഹിത്തിന്റേത്. മൂന്നാം ഇരട്ടസെഞ്ചുറി എത്തും മുൻപ് തന്നെ രോഹിത് തന്റെ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഏകദിനത്തിൽ ഒരു കലണ്ടർ വർഷം ആറ് സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ഓപ്പണർ എന്ന നേട്ടം ഇതോടെ രോഹിതിന്റെ കൂടി പേരിലായി. നേരത്തേ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറുമാണ് ഈ നേട്ടങ്ങൾ കൊയ്തത്.

ലോകത്ത് ഓപ്പണിങ് പാർട്ണർഷിപ്പിൽ 9 സെഞ്ചുറി കൂട്ടുകെട്ടുകൾ ഒരു വർഷം നേടിയതിന്റെ ചരിത്രവും രോഹിത്തിന്റെ കൂടി പേരിലായി. ശിഖർ ധവാനുമൊത്താണ് താരം ഈ നേട്ടം കുറിച്ചത്.

ഒരു കലണ്ടർ വർഷത്തിൽ നടക്കുന്ന ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം സിക്സ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന സച്ചിന്റെ റെക്കോർഡും ഈ കളിയിലൂടെ രോഹിത് മറികടന്നു. സൗരവ് ഗാഗുലി, മഹേന്ദ്ര സിങ് ധോണി തൊട്ടുപുറകിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ