ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 110 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ വിജയതീരത്തേക്ക് നീങ്ങുകയാണ് ഇന്ത്യ.
കരിയറിലെ തന്റെ 22-ാം സെഞ്ചുറിയാണ് രോഹിത് ഇന്ന് സിഡ്നിയിൽ കുറിച്ചത്. ഇതിൽ ഏഴ് സെഞ്ചുറികളും കങ്കാരുക്കൾക്കെതിരെ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആകെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലിയുടെയും ശ്രീലങ്കൻ താരം ദിൽഷന്റെയും ഒപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ. ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തും.
ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും രോഹിതിനായി. ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരവും രോഹിതാണ്. ഓസിസിനെതിരെ 9 സെഞ്ചുറികൾ നേടിയ ഇന്ത്യയുടെ തന്നെ സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ മുന്നിൽ.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തിട്ടുണ്ട്. 128 റൺസ് നേടിയ രോഹിതും റൺസൊന്നും നേടാതെ ഭുവനേശ്വർ കുമാറുമാണ് ക്രീസിൽ. ജയിക്കാൻ ഇന്ത്യക്ക് 78 പന്തിൽ നിന്നും 75 റൺസ് കൂടി വേണം.