/indian-express-malayalam/media/media_files/uploads/2017/12/rohit-nilam.jpg)
മൊഹാലി മൈതാനത്ത് വീണ്ടുമൊരിക്കൽ കൂടി കരിയറിലെ ഇരട്ടസെഞ്ച്വറി തികച്ച രോഹിത് ശർമ്മയെ അമ്പരപ്പോടെ നോക്കുകയാണ് ക്രിക്കറ്റ് ലോകം. ആ ബാറ്റിന്റെ ചൂട് വീണ്ടുമറിഞ്ഞ ലങ്കൻ ബൗളർമാർ ഹിറ്റ്മാന്റെ മുന്നിൽ തോൽവി സമ്മതിച്ചു. എന്നാൽ സ്നേഹത്തിന്റെ കാര്യത്തിലും ഈ താരം ഹിറ്റ്മാൻ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ശ്രീലങ്കയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് ആരാധകൻ.
തൊണ്ടയിൽ ക്യാൻസർ രോഗം ബാധിച്ച പിതാവ് എഎ ഫാറൂഖിന് അടുത്തേക്ക് എത്താൻ സഹായിച്ചതിന്റെ കഥ പങ്കുവച്ചിരിക്കുകയാണ് മുഹമ്മദ് നിലാം. ശ്രീലങ്കയിൽ നിന്നുള്ള ഒന്നാം നമ്പർ ക്രിക്കറ്റ് ആരാധകരിൽ ഒരാളാണ് ഇദ്ദേഹം. ഡിസംബർ 26 വരെ ഇന്ത്യയിൽ തങ്ങാനുള്ള തീരുമാനത്തിൽ എത്തിയ ഇദ്ദേഹത്തിന് പെട്ടെന്ന് തിരികെ പോകേണ്ടി വന്നപ്പോൾ കൈയ്യയച്ച് സഹായിച്ചത് രോഹിത് ശർമ്മയായിരുന്നു.
ഫിറോസ് ഷാ കോട്ല മൈതാനത്ത് മൂന്നാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കെയാണ് നിലാം, ഇന്ത്യൻ താരം രോഹിതിനോട് സഹായം തേടിയത്.
"രോഹിത് ശർമ്മ ചെയ്ത തന്ന സഹായത്തിന് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം അപരാജിതമായ ഇരട്ടസെഞ്ച്വറി നേടിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്", നിലാം ശ്രീലങ്കയിൽ നിന്ന് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.
എന്നാൽ രോഹിത് ശർമ്മ മാത്രമല്ല, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സ്നേഹം കൊണ്ട് ഇദ്ദേഹത്തെ അതിശയിപ്പിച്ചു. വിവാഹത്തിനായി ഇറ്റലിയിലായിരുന്ന വിരാട് കോഹ്ലി, പിതാവിന്റെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ച് മെസേജ് അയച്ചതായി അദ്ദേഹം പറഞ്ഞു.
"വിരാടും പിതാവിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ച് സന്ദേശം അയച്ചിരുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു", നിലാം ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ശ്രീലങ്കൻ ടീമിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ആരാധകനാണ് മുഹമ്മദ് നിലാം. സച്ചിൻ ടെണ്ടുൽക്കറിന്റെ ആരാധകനായ സുധീർ കുമാറിന്റെ ഒരു ലങ്കൻ പതിപ്പ്. ടെസ്റ്റ് മത്സര പരമ്പരയ്ക്കിടെ ലങ്കൻ താരങ്ങൾ നെറ്റ്സിൽ പരിശീലിക്കുമ്പോൾ തൊട്ടടുത്ത് ഈ ആരാധകനും ഉണ്ടായിരുന്നു. എല്ലാ പ്രധാന ലോക ക്രിക്കറ്റ് ടൂർണ്ണമെന്റുകളും ഇദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. ഇതിലൂടെയാണ് താരങ്ങളുമായി അടുപ്പം സൃഷ്ടിക്കാൻ മുഹമ്മദ് നിലാമിന് സാധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.