വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പരക്കുമ്പോൾ ഇന്ത്യൻ ക്യാംപിൽനിന്നുള്ളൊരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും തമ്മിലുളള ‘ഹെഡ്സ് അപ് ചലഞ്ചി’ന്റെ വീഡിയോ ആണ് ബിസിസിഐ ട്വിറ്റർ പേജിൽ ഷെയർ ചെയ്ത്. കാർഡിൽ ക്രിക്കറ്റ് താരങ്ങളുടെ പേര് എഴുതിയശേഷം അത് മറ്റൊരാൾ ഊഹിച്ചു പറയുന്നതാണ് ‘ഹെഡ്സ് അപ് ചലഞ്ച്’.

രോഹിതാണ് കളിക്കാരുടെ പേരെഴുതിയ കാർഡ് കൈയ്യിൽ പിടിച്ചത്. അതിലെ പേര് ആരുടേതാണെന്ന് ജഡേജ ആക്ഷനിലൂടെ കാണിക്കുകയും അത് രോഹിത് പറയുകയും വേണം. ആദ്യം ജസ്പ്രീത് ബുംറയുടെ പേരാണ് കിട്ടിയത്. ബുംറയുടെ വ്യത്യസ്തമായ ബോളിങ് ആക്ഷൻ കാണിച്ചതും രോഹിത് ഞൊടിയിടയിൽ അത് ബുംറയാണെന്ന് പറഞ്ഞു. അടുത്തത് വിരാട് കോഹ്‌ലിയുടെ പേരായിരുന്നു. അത് എത്ര എളുപ്പമായിരുന്നില്ല.

Read Also: ‘ഫുൾ മൂഡ്’; കാണികൾക്കൊപ്പം ഡാൻസ് കളിച്ച് വിരാട് കോഹ്‌ലി, കൂടെ ക്രിസ് ഗെയ്‌ലും കേദാർ ജാദവും

ഒരു ബോൾ നേരിടുന്നതിനു മുൻപും ശേഷവുമുളള വിരാട് കോഹ്‌ലിയുടെ സ്ഥിരം ആക്ഷൻ ജഡേജ കാണിച്ചെങ്കിലും രോഹിതിന് കൺഫ്യൂഷനായി. അതിനുശേഷം മറ്റൊരു ക്ലൂ കാട്ടിയപ്പോൾ രോഹിത് പറഞ്ഞു വിരാട് കോഹ്‌ലിയെന്ന്. ഇരുവരുടെയും കളി കണ്ട് അകലെ മാറി ഇരിക്കുകയായിരുന്ന വിരാട് കോഹ്‌ലി ഇതുകേട്ട് ചിരിക്കുകയും ചെയ്തു.

നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിനെതിരായ ടി ട്വന്രി പരമ്പര ഇന്ത്യ 3-0 ന് നേടിയിരുന്നു. അതേസമയം, ഏകദിനത്തിലെ ആദ്യ മത്സരം മഴയെ തുടർന്ന് വേണ്ടെന്നുവച്ചു. ഇനി രണ്ടു ഏകദിനങ്ങളാണ് അവശേഷിക്കുന്നത്. രണ്ടു ടെസ്റ്റും ഇന്ത്യ കളിക്കും.

മഴയെ തുടര്‍ന്ന് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിച്ചെങ്കിലും പിന്നെയും മഴ കളി മുടക്കി. വെസ്റ്റ് ഇന്‍ഡീസ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 54 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. മഴ വീണ്ടും ശക്തിപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മഴയെ തുടര്‍ന്ന് 34 ഓവറാക്കി മത്സരം ചുരുക്കുകയായിരുന്നു. എന്നാല്‍, രണ്ടാമതും മഴയെത്തി മത്സരം തടസപ്പെടുത്തി. ഒന്നര മണിക്കൂറിലേറെ പിന്നെയും മഴ തുടര്‍ന്നു. ഇതോടെ മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയര്‍മാര്‍ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook