ഇൻഡോർ: നായകൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ടിട്വന്റിയിൽ ഏറ്റവും ആകർഷണീയമായത്. 35 ബോളിൽനിന്നായിരുന്നു രോഹിത്തിന്റെ സെഞ്ചുറി നേട്ടം. ലങ്കൻ ബോളർമാരെ സിക്സറുകളും ഫോറുകളും പറത്തിയാണ് രോഹിത് വെളളം കുടിപ്പിച്ചത്. 12 ഫോറുകളും 10 സിക്സുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 2017 ൽ ടിട്വന്റിയിലെ രോഹിത്തിന്റെ സിക്സറുകളുടെ എണ്ണം ഇതോടെ 64 ആയി ഉയർന്നു.

അതിവേഗ സെഞ്ചുറി നേട്ടത്തോടെ ചില റെക്കോർഡുകളും രോഹിത് കൈപ്പിടിയിലൊതുക്കി. അതിവേഗ ടിട്വന്റി സെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ റെക്കോർഡിനൊപ്പം രോഹിതും എത്തി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി ട്വന്റി സിക്സറുകൾ നേടിയ താരമെന്ന എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡ് രോഹിത് മറികടന്നു.

തിസാര പെരേരയാണ് രോഹിത്തിന്റെ ആക്രമണത്തിൽ ശരിക്കും വിയർത്തത്. തിസാരയുടെ ഒരു ഓവറിൽ 4 സിക്സറുകൾ പറത്തിയാണ് രോഹിത് അതിവേഗ സെഞ്ചുറിയിലേക്ക് എത്തിയത്. തിസാരയുടെ പന്തുകളെ തുടരതുടരെ രോഹിത് ബൗണ്ടറി ലൈൻ കടത്തി.

മൽസരത്തിൽ 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. 17.2 ഓവറിൽ 170 റൺസിന് എല്ലാ ലങ്കൻ ബാറ്റ്സ്മാന്മാരെയും ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 261 റൺസിന്റെ വിജയലക്ഷ്യമാണ് ലങ്കയ്ക്ക് മുന്നിൽ വച്ചത്. രോഹിത് ശർമ്മ 48 പന്തിൽ നിന്ന് നേടിയ 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ നിരയിൽ കുസാൽ പെരേര 37 പന്തിൽ 77 റൺസെടുത്തു. ഉപുൽ തരംഗ 29 പന്തിൽ 47 ഉം നിരോഷൻ ഡിക്‌വാല 19 പന്തിൽ 25 ഉം റൺസെടുത്തു. ശേഷിച്ച ആറ് ബാറ്റ്സ്മാന്മാരും രണ്ടക്കം കാണാതെ പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും യുസ്‌വേന്ദ്ര ചാഹൽ 52 റൺസ് വഴങ്ങി. കുൽദീപ് യാദവും നാലോവറിൽ 52 റൺസ് വഴങ്ങി. മൂന്ന് വിക്കറ്റാണ് യാദവിന്റെ നേട്ടം. 17 റൺസെടുക്കുന്നതിനിടെയാണ് ലങ്കയുടെ അവസാന ഏഴ് വിക്കറ്റുകൾ വീണത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ