2017 ഡിസംബറില്‍ ഇന്ത്യയില്‍ ശ്രീലങ്കന്‍ ടീം പര്യടനത്തിന് എത്തിയപ്പോള്‍ ഒരു ഇന്ത്യന്‍ താരം ശ്രീലങ്കന്‍ താരത്തിന് ചെയ്ത് കൊടുത്ത സഹായം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരം മറ്റാരുമല്ല ഇന്ത്യയുടെ നായകസ്ഥാനം വഹിച്ചിട്ടുളള രോഹിത് ശര്‍മ്മ. രോഹിതിന്റെ വലിയ ആരാധകനായ മുഹമ്മദ് നിലാമിന് അന്ന് തിരിച്ച് നാട്ടിലേക്കുളള ടിക്കറ്റ് രോഹിതാണ് എടുത്ത് കൊടുത്തത്. നിലാമിന്റെ പിതാവ് അര്‍ബുദരോഗിയാണെന്ന് അറിഞ്ഞത് അനുസരിച്ചായിരുന്നു രോഹിത് സഹായിച്ചത്.

നിലാമിന് പണവും നല്‍കിയ രോഹിത് കൊളംബോയില്‍ കുടുംബത്തെ കാണാന്‍ വരുമെന്നും അന്ന് വാക്ക് നല്‍കിയിരുന്നു. നിദാഹാസ് ട്രോഫിക്കായി ശ്രീലങ്കയില്‍ എത്തിയ രോഹിത് തന്റെ വാക്ക് പാലിക്കുക തന്നെ ചെയ്തു. വെളളിയാഴ്ച്ച വിശ്രമ നേരം അദ്ദേഹം നിലാമിന്റെ വീട്ടിലെത്തുകയായിരുന്നു. രോഹിത് നിലാമിന്റെ വീട്ടിലെത്തിയ വാര്‍ത്ത ലങ്കന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍. ക്രിക്കറ്റെന്നാല്‍ വെറുമൊരു കളി മാത്രമല്ല അത് ഹൃദയങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുമെന്ന് ഈ സംഭവത്തെപ്പറ്റി ലങ്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.

‘വര്‍ഷങ്ങളായി എനിക്ക് നിലാമിനെ അറിയാം. ഒരുപാട് കാലമായി അദ്ദേഹം എനിക്കായി ആര്‍ത്തുവിളിക്കുന്നുണ്ട്. പിതാവിന്റെ അസുഖം കൂടിയത് അറിഞ്ഞ് ടെസ്റ്റിന് ശേഷം അദ്ദേഹം കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു’, രോഹിത് ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഏറ്റവും വലിയ ആരാധകനായ സുധീര്‍ ഗൗതമാണ് നിലാമിന്റെ പിതാവിന്റെ അവസ്ഥയെ കുറിച്ച് രോഹിതിനോട് പറഞ്ഞത്.
കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് നിലാം എന്ന ആരാധകന്റെ പിതാവിന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ച വിവരം അറിയുകയും ഉടന്‍ തന്നെ ആരാധകന് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരുകയുമായിരുന്നു.

ഡിസംബര്‍ 26ന് നാട്ടിലേക്ക് മടങ്ങാനാണ് ആരാധകന്‍ ടിക്കറ്റെടുത്തത്. എന്നാല്‍ ഉടനടി മടങ്ങാന്‍ കയ്യില്‍ പണമില്ലാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. വിവരമറിഞ്ഞ കടുത്ത ഇന്ത്യന്‍ ആരാധകനായ സുധീര്‍ ഗൗതമാണ് ഇന്ത്യന്‍ നായകന്‍ രോഹിതിനെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. രോഹിത് നിലാമിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി 20,000 രൂപ രോഹിത് കൈമാറുകയായിരുന്നു. തുടര്‍ന്ന് പിതാവിന്റെ ചികിത്സക്കായി നിലാം കൊളംബയിലേക്ക് മടങ്ങി. പിതാവിന്റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും ശസ്ത്രക്രിയക്കായി രോഹിത് സാമ്പത്തിക സഹായവും നല്‍കി. അന്ന് നല്കിയ വാക്കാണ് രോഹിത് ഇപ്പോള്‍ പാലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ