ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശരീരിക ക്ഷമത വീണ്ടെടുത്ത് കളത്തിലേക്ക് തിരിച്ചെത്തുന്നു. വെസ്റ്റ് ഇന്‍ഡിസിനെതിരായ പരമ്പരയില്‍ താരം കളിക്കുമെന്ന് ബിസിസിഐ വ്യത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി ആദ്യവാരമാണ് മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാകുന്നുത്.
ടീം തിരഞ്ഞെടുപ്പ് ഈ ആഴ്ച നടക്കാനിരിക്കെ പല മുതിര്‍ന്ന താരങ്ങളുടേയും കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ നിലാവരത്തിനൊത്ത് ഉയര്‍ന്നിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് രോഹിതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുമ്പോഴേക്കും രോഹിതിന്റെ വിശ്രമ കാലാവധി ഏഴ് ആഴ്ചകള്‍ പിന്നിടും. താരം നിലവില്‍ മുംബൈയില്‍ പരിശീലനത്തിലാണ്. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി അദ്ദേഹം ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതായുണ്ട്, ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
രോഹിത് തിരിച്ചെത്തുന്നതോടെ ടെസ്റ്റ് ടീം നായകസ്ഥാനത്തിന്റെ കാര്യത്തിലും ബിസിസിഐ തീരുമാനമെടുത്തേക്കും. താരത്തിന് തന്നെയാണ് മുഖ്യപരിഗണന. എന്നാല്‍ 2022 ല്‍ ട്വന്റി 20 ലോകകപ്പും, 2023 ല്‍ ഏകദിന ലോകകപ്പും വരുന്നതിനാല്‍ രോഹിതിന്റെ ജോലിഭാരം പരിഗണിച്ച് മറ്റ് താരങ്ങളെ പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയേക്കും. താരം ഇപ്പോള്‍ ബോളിങ് പരിശീലനം നടത്തുന്നതായാണ് വിവരം. പരിചയസമ്പന്നനല്ലാത്ത വെങ്കിടേഷ് അയ്യരിനെ ആറാം സ്ഥാനത്ത് പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ അല്ലെങ്കില്‍ ശ്രീലങ്കയ്ക്കെതിരെ പാണ്ഡ്യ മടങ്ങിയെത്തിയേക്കും.
Also Read: ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്; പേര് പ്രഖ്യാപിച്ച് ഐപിഎല്‍ ഫ്രാഞ്ചൈസി