/indian-express-malayalam/media/media_files/uploads/2021/01/Australia-lyon-warner.jpg)
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയെ ക്രീസിൽ നിലയുറപ്പിച്ച് മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഓപ്പണർ രോഹിത് ശർമ പുറത്താകുന്നത്. 44 റൺസെടുത്ത രോഹിത്തിനെ ഓസിസ് സ്‌പിന്നർ നഥാൻ ലിയോൺ മിച്ചൽ സ്റ്റാർക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ടെസ്റ്റിൽ ഇത് ആറാം തവണയാണ് രോഹിത് ലിയോണിന് മുന്നിൽ വിക്കറ്റ് തുലയ്ക്കുന്നത്. ടെസ്റ്റിൽ രോഹിത്തിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ താരമായും ലിയോൺ മാറി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച രോഹിത് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ലിയോണിനെ ബൗണ്ടറി കടത്താനുള്ള രോഹിത്തിന്റെ ശ്രമം സ്റ്റാർക്കിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ആറ് ഫോറടക്കം 74 പന്തിൽ 44 റൺസാണ് ആ സമയത്തിനുള്ളിൽ രോഹിത് അടിച്ചെടുത്തത്.
Nathan Lyon's 397th Test wicket seemed to come out of nowhere and the Aussies were pumped! #OhWhatAFeeling#AUSvIND | @Toyota_Auspic.twitter.com/rIhl4ZjbTu
— cricket.com.au (@cricketcomau) January 16, 2021
ഓസ്ട്രേലിയയിൽ നടന്ന മത്സരങ്ങളിൽ തന്നെയാണ് ആറു തവണയും ലിയോൺ രോഹിത്തിനെ പുറത്താക്കിയത് എന്ന കൗതുകവുമുണ്ട്. നാല് തവണ അഡ്‌ലെയ്ഡിലും ഓരോ തവണ വീതം സിഡ്നിയിലും ബ്രിസ്ബെയ്നിലും ലിയോൺ രോഹിത്തിനെ കൂടാരം കയറ്റി.
Also Read: വീണ്ടും സിറാജിനെ ലക്ഷ്യംവെച്ച് ഓസിസ് ആരാധകർ; ബ്രിസ്ബെയ്നിലും അധിക്ഷേപം
ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച സ്‌പിന്നർമാരുടെ പട്ടികയിൽ തന്റെ പേരും ഇതിനോടകം എഴുതിചേർക്കാൻ കഴിഞ്ഞ താരമാണ് നഥാൻ ലിയോൺ. കരിയറിലെ തന്റെ 100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന താരം മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും 18 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ ഷെയ്ൻ വോണിനും ഗ്ലെൻ മഗ്രാത്തിനും പിന്നിൽ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് നഥാൻ. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ അഞ്ച് തവണ രോഹിത്തിനെ ടെസ്റ്റ് മത്സരങ്ങളിൽ പുറത്താക്കിയിട്ടുണ്ട്.
Also Read: ഇതാണ് അരങ്ങേറ്റം; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി നടരാജൻ
അതേസമയം, പരമ്പര വിജയികളെ തീരുമാനിക്കുന്ന ഓസ്ട്രേലിയ - ഇന്ത്യ നാലാം ടെസ്റ്റ് മത്സരത്തിൽ സന്ദർശകർ പതറുന്നു. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 369 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരുടെ രണ്ടുപേരുടെയും വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.
ഏഴ് റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്തിന്റെ ഇന്നിങ്സ് 44 റൺസിന് അവസാനിക്കുകയായിരുന്നു. ആക്രമിച്ച് കളിച്ച രോഹിത് ലിയോണിന്റെ പന്തിൽ അനാവശ്യ ഷോട്ടിലൂടെ പുറത്താവുകയായിരുന്നു. എട്ട് റൺസുമായി പുജാരയും 2 റൺസെടുത്ത രഹാനെയുമാണ് ക്രീസിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.