ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനം കാര്യവട്ടത്ത് നടക്കുമ്പോൾ ഹിറ്റ്മാൻ രോഹിത് ശർമ്മ നോട്ടമിടുന്നത് സിക്സിൽ ഡബിൾ സെഞ്ചുറിയാണ്. രണ്ടു സിക്സ് കൂടി നേടിയാൽ രോഹിതിന് സിക്സിൽ ഡബിൾ സെഞ്ചുറി തികയ്ക്കാനാകും. അങ്ങനെയെങ്കിൽ എം.എസ്.ധോണിയുടെ പേരിനൊപ്പം രോഹിത്തിന്റെ പേരും എഴുതി ചേർക്കപ്പെടും.

രണ്ടാം ഏകദിനത്തിൽ 152 റൺസെടുത്ത രോഹിത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ മറികടന്നിരുന്നു. നാലാം ഏകദിനത്തിൽ 157 റൺസെടുത്ത് സച്ചിൻ ടെൻഡുൽക്കറെയും മറികടന്നു. അഞ്ചാം ഏകദിനത്തിൽ ധോണിയുടെ പേരിനൊപ്പം എത്താനാണ് രോഹിത്തിന്റെ ശ്രമം.

രോഹിത്തിന്റെ പേരിൽ ഇപ്പോൾ 198 സിക്സുകളാണുളളത്. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിൽ രണ്ടു സിക്സ് കൂടി അടിച്ചാൽ 200 എന്ന നേട്ടം രോഹിതിന് നേടാനാകും. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ധോണി മാത്രമാണ് ഏകദിനത്തിൽ 200 സിക്സ് അടിച്ചിട്ടുളളത്.

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരങ്ങളുടെ പട്ടികയിൽ രോഹിത് നിലവിൽ ഏഴാം സ്ഥാനത്താണ്. രണ്ടു സിക്സ് കൂടി അടിച്ചാൽ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിനൊപ്പം രോഹിത് എത്തും. പട്ടികയിൽ പാക് താരം ഷാഹിദ് അഫ്രീദി (351) ആണ് മുന്നിൽ.

2018 ൽ 18 ഏകദിന ഇന്നിങ്സുകളിൽനിന്നായി 967 റൺസാണ് രോഹിത് നേടിയത്. 27 റൺസ് കൂടി എടുത്താൽ 1000 റൺസ് തികയ്ക്കാം. ഈ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിന് രോഹിതിന് 58 റൺസ് വേണം. കോഹ്‌ലിയാണ് ഈ പട്ടികയിൽ മുന്നിൽ. 13 ഇന്നിങ്സുകളിൽനിന്നായി 1,169 റൺസാണ് കോഹ്‌ലി 2018 ൽ അടിച്ചുകൂട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook