ബേ ഓവല്‍: ലോകത്തെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ് രോഹിത് ശര്‍മ്മ. അടി തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ലെന്നതാണ് രോഹിത്തിനെ ഏറ്റവും അപകടകാരിയാക്കുന്നത്. ന്യൂസിലൻഡിനെതിരെ ഇന്നും രോഹിത്തിന്റെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു.

അര്‍ധ സെഞ്ചുറിയെ നായകന്‍ കോഹ്‌ലിക്കൊപ്പം മുന്നില്‍ നിന്നു നയിച്ച രോഹിത് രണ്ട് സിക്‌സും അടിച്ചിരുന്നു. ഇതോടെ എം.എസ്.ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് രോഹിത്. രണ്ടു പേരും 215 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്.

കരിയറില്‍ ധോണി 222 സിക്‌സുകള്‍ അടിച്ചിട്ടുണ്ടെങ്കിലും അതില്‍ 215 എണ്ണം മാത്രമേ ഇന്ത്യയ്ക്കായി അടിച്ചതുള്ളൂ. 199 ഏകദിനങ്ങളില്‍ നിന്നുമാണ് രോഹിത് ധോണിക്കൊപ്പമെത്തിയത്. 12 വര്‍ഷത്തെ കരിയറില്‍ ഓസ്‌ട്രേലിയക്കെതിരെ 66 സിക്‌സുകളാണ് രോഹിത് അടിച്ചിട്ടുള്ളത്. രണ്ടാമത് ശ്രീലങ്കയാണ്. ലങ്കക്കെതിരെ 39 സിക്‌സുകളാണ് രോഹിത് നേടിയത്.

ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കിവീസ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയ ലക്ഷ്യം ഇന്ത്യ 43 ഓവറില്‍ അനായാസം മറി കടക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്‌ലിയുമാണ്. പിന്നാലെ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കുകയും ചെയ്തു.

രോഹിത്താണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. 77 പന്തുകളില്‍ നിന്നും 62 റണ്‍സാണ് രോഹിത് നേടിയത്. ശിഖര്‍ ധവാന്‍ 28 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്ന നായകന്‍ വിരാട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. രോഹിത് 74 പന്തില്‍ നിന്നും 60 റണ്‍സെടുത്തു. റായിഡു 42 പന്തില്‍ നിന്നും 40 റണ്‍സും ദിനേശ് കാര്‍ത്തിക് 38 പന്തില്‍ നിന്നും 38 റണ്‍സും നേടി പുറത്താകാതെ നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook