മുംബൈ: ഐപിഎല്ലില്‍ നിന്നും പേസര്‍മാരെ മാറ്റി നിര്‍ത്തണമെന്ന നായകന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിനെതിരെ ടീമിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ഉപനായകനും ഓപ്പണറുമായി രോഹിത് ശര്‍മ്മ കോഹ്ലിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലോ ഫൈനലിലോ എത്തുകയും ബുംറ കളിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ താന്‍ വിശ്രമം അനുവദിക്കില്ലെന്നും കളിപ്പിക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ രണ്ട് മാസത്തോളം താരങ്ങള്‍ കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥ വരുമെന്നും അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന അവശ്യവുമായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയത്. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കിയത്.

സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കോഹ്‌ലിക്ക് പുറമെ പരിശീലകന്‍ രവി ശാസ്ത്രി, ഉപനായകന്‍ രോഹിത് ശര്‍മ്മ, സെലക്ടര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനുവദിക്കാനാണ് കോഹ്‌ലി നിര്‍ദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഫ്രഷ് ആയിട്ടും പൂര്‍ണ കായികക്ഷമതയോടും ലോകകപ്പില്‍ താരങ്ങള്‍ക്കിറങ്ങാനാകുമെന്നാണ് കോഹ്‌ലിയുടെ പക്ഷം.

2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വേദിയും മത്സരക്രമവും സംബന്ധിച്ച് തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ലെങ്കിലും എപ്രില്‍ മാസമാകും കുട്ടിക്രിക്കറ്റ് പൂരം അരങ്ങേറുക. എന്നാല്‍ പുതിയ നിര്‍ദ്ദേശം ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് സാധ്യത. വലിയ തുകയ്ക്കാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരെ ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കോഹ്‌ലിയുടെ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ അംഗീകരിക്കുകയാണെങ്കില്‍ വലിയ തിരിച്ചടി നേരിടുക മുംബൈ ഇന്ത്യന്‍സിനാകും. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുന്നത് മുംബൈ നിരയിലാണ്.

കോഹ്‌ലിയുടെ നിര്‍ദ്ദേശം ബിസിസിഐ ഭരണസമിതി ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ചര്‍ച്ച ചെയ്തു എന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യം ഫ്രാഞ്ചൈസികളുമായി സംസാരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. നവംബര്‍ 15ന് താരങ്ങളുടെ കൂടുമാറ്റം നടക്കാനിരിക്കെ അതിന് മുമ്പ് അന്തിമ തീരുമാനത്തില്‍ എത്തേണ്ടതുണ്ട്.

എന്നാല്‍ ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ കോഹ്‌ലി ഈ അവശ്യം ഉന്നയിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്ത്യന്‍ നിരയിലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎല്‍ ടീമുകളുടെ നായകന്മാരുമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെയാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. രോഹിത് മുംബൈയുടെയും രഹാനെ രാജസ്ഥാന്റെയും നായകനാണ്.

അതേസമയം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എപ്രില്‍ 30 വരെ മാത്രമേ ഐപിഎല്ലില്‍ കളിക്കൂ. ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി താരങ്ങളോട് മടങ്ങി ചെല്ലണമെന്നാണ് അതാത് ക്രിക്കറ്റ് ബോര്‍ഡുകളുടെ നിര്‍ദ്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook