ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ നാണക്കേടിൽ നിന്നും കരകയറ്റിയത് ഓപ്പണർ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിറന്ന തന്റെ പെൺകുഞ്ഞ് സമയ്റയ്ക്കുള്ള സമ്മാനമായി രോഹിതിന്റെ സെഞ്ചുറി മാറി. ലോകകപ്പ് വർഷത്തിലെ ആദ്യ മത്സരത്തിൽ തന്നെ താരം സെഞ്ചുറി കണ്ടെത്തിയത് ഇന്ത്യൻ ടീമിനും ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ.
110 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ചുറി തികച്ചത്. 129 പന്തുകളിൽ നിന്ന് 133 റൺസ് നേടി താരം പുറത്താവുകയായിരുന്നു. 10 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. രോഹിത് പുറത്താകുന്നത് വരെ ഇന്ത്യൻ ജയ സാധ്യതകൾ സജീവമായിരുന്നെങ്കിലും രോഹിതിന് പിന്നാലെ എത്തിയവർക്ക് ലക്ഷ്യം പൂർത്തികരിക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ നാല് റൺസിന് മൂന്ന് മുൻനിര താരങ്ങളെ നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത് നാലാം വിക്കറ്റിൽ രോഹിതും ധോണിയും ചേർന്നാണ്.
കരിയറിലെ തന്റെ 22-ാം സെഞ്ചുറിയാണ് രോഹിത് ഇന്ന് സിഡ്നിയിൽ കുറിച്ചത്. ഇതിൽ ഏഴ് സെഞ്ചുറികളും കങ്കാരുക്കൾക്കെതിരെ തന്നെയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആകെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലിയുടെയും ശ്രീലങ്കൻ താരം ദിൽഷന്റെയും ഒപ്പം എട്ടാം സ്ഥാനത്താണ് രോഹിത് ഇപ്പോൾ. ഇന്ത്യൻ താരങ്ങളിൽ മൂന്നാം സ്ഥാനത്തും.
ഓസിസ് മണ്ണിൽ അവർക്കെതിരെ സെഞ്ചുറി നേടുന്ന താരങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെയാണ് രോഹിത് മറികടന്നത്. റിച്ചാർഡ് മൂന്ന് സെഞ്ചുറികൾ ഓസ്ട്രേലിയയിൽ നേടിയപ്പോൾ നാല് സെഞ്ചുറികളാണ് നേടിയിട്ടുള്ളത്.