ക്രിക്കറ്റ് താരങ്ങളുടെ കുടുംബചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്ന് അങ്ങനെയൊരു ചിത്രം ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിൽ ക്രിക്കറ്റ് താരമില്ല. മറിച്ച് ഒരു സൂപ്പർ താരത്തിന്റെ കുടുംബമുണ്ട്. രോഹിത് ശർമയുടെ ഭാര്യ റിത്വികയും മകൾ സമൈറയും മുംബൈ ഇന്ത്യൻസിന്റെ മത്സരം കാണുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മുംബൈ ഇന്ത്യൻസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇന്ന് മുംബൈ ഇന്ത്യൻസിനു വേണ്ടി 45 പന്തിൽ നിന്ന് 70 റൺസാണ് രോഹിത് നേടിയത്. മൂന്ന് സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങിയതായിരുന്നു രോഹിത്തിന്റെ കലക്കൻ ഇന്നിങ്‌സ്. അച്ഛന്റെ കളി ആസ്വദിക്കുന്ന സമൈറയും ഏറെ ആകാംക്ഷയോടെ ഭർത്താവിന്റെ കളി ആസ്വദിക്കുന്ന റിത്വികയും ഈ ചിത്രത്തിലുണ്ട്. സമൈറയുടെ കയ്യിൽ മുംബൈ ഇന്ത്യൻസിന്റെ പതാകയും കാണാം.

അതേസമയം, ഇന്നത്തെ മത്സരത്തിലൂടെ മറ്റൊരു നാഴികകല്ല് കൂടി രോഹിത് പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 5,000 റൺസ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്‌മാൻ. ഐപിഎൽ 13-ാം സീസണിലെ മുംബൈ ഇന്ത്യൻസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിലാണ് രോഹിത് അപൂർവനേട്ടം സ്വന്തമാക്കിയത്. പഞ്ചാബ് താരം മൊഹമ്മദ് ഷമിയുടെ ബോൾ ഫോർ പായിച്ചാണ് രോഹിത് 5,000 റൺസ് ക്ലബിൽ ഇടംപിടിച്ചത്. ഐപിഎല്ലിലെ തന്റെ 193-ാം മത്സരത്തിലാണ് രോഹിതിന്റെ നേട്ടം.

ഐപിഎൽ ചരിത്രത്തിൽ 5,000 റൺസ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തം. നേരത്തെ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവർ 5,000 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിൽ ഒരു സെഞ്ചുറിയും 37 അർധ സെഞ്ചുറിയും രോഹിത് സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook