ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ടെസ്റ്റ് ഭാവിയെ കുറിച്ച് വാചാലനായി ഇന്ത്യയുടെ മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍. രോഹിത് ഓപ്പണിങ്ങില്‍ തകര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇതുവരെ നേടാനാകാത്ത നേട്ടങ്ങള്‍ പോലും സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ബംഗാര്‍ പറയുന്നത്.
നിശ്ചിത ഓവറുകളില്‍ ഇന്ത്യയുടെ ഓപ്പണാറെങ്കിലും രോഹിത്തിന് ടെസ്റ്റില്‍ ഇതുവരേയും സ്ഥിരസാന്നിധ്യമാകാന്‍ സാധിച്ചിട്ടില്ല. ഓക്‌ടോബര്‍ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമില്‍ രോഹിത്തുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്നു കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് രോഹിത് ടീമിലെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് രാഹുലിന് തിരിച്ചടിയായത്.
”നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥാനമില്ല. ഓപ്പണിങ് അവന് പുതിയൊരു വെല്ലുവിളിയാകും. പക്ഷെ നേരത്തെ തന്നെ ഇറങ്ങാന്‍ സാധിക്കുന്നത് അവന് ഗുണമാകും. മാനസികമായി അത് ഊര്‍ജ്ജമാകും. അവന്‍ വിജയിച്ചാല്‍, അവന്റെ കളി ശൈലിയില്‍, ഇന്ത്യയ്ക്ക് നേരത്തെ സ്വന്തമാക്കാന്‍ കഴിയാതിരുന്ന പലതും നേടാനാകും. കേപ്പ് ടൗണും എഡ്ജ്ബാസ്റ്റണും പോലെ” ബംഗാര്‍ പറഞ്ഞു.
Read More: ‘രാഹുല്‍ ഓവർറേറ്റഡ്’; മീമിന് ലൈക്കടിച്ച് രോഹിത് ശര്‍മ
ഏകദിന ക്രിക്കറ്റില്‍ തന്നെ ഇതിനോടം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട് രോഹിത്. കോഹ് ലിയോളം തന്നെ ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാണ് രോഹിത് ശര്‍മ്മ. എന്നാല്‍ ഇതുവരെ രോഹിത് കളിച്ചത് 27 ടെസ്റ്റ് മാത്രമാണ്. ഇതില്‍ നിന്നും 1585 റണ്‍സാണ് നേടിയിട്ടുള്ളത്. മൂന്ന് ഏകദിന ഡബ്ബിള്‍ സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തിന് ടെസ്റ്റില്‍ ആകെ മൂന്ന് സെഞ്ചുറികള്‍ മാത്രമാണ്.
തന്റെ വ്യക്തിതം നഷ്ടപ്പെടാതെ തന്നെ രോഹിത് കളിക്കാന്‍ ശ്രമിക്കണമെന്നും അതാണ് അവനെ വിജയിയാക്കുകയെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.